Skip to main content

ഷീ നൈറ്റ് ഫെസ്റ്റില്‍ അരലക്ഷം സ്ത്രീകളെ പങ്കാളികളാക്കും

ജില്ലാ പഞ്ചായത്തിന്റെ ഷീ നൈറ്റ് ഫെസ്റ്റില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അരലക്ഷത്തോളം സ്ത്രീകളെ പങ്കാളികളാക്കുമെന്ന് പ്രസിഡണ്ട് പി പി ദിവ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് ഫലപ്രദമായ സാമൂഹിക ഇടപെടലുകള്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് കുടുംബശ്രീ, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഷീനൈറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
'ആടാം പാടാം അവളെന്ന വേര്‍തിരിവില്ലാതെ' എന്ന ടാഗ് ലൈനോട് കൂടി പുതുവത്സര രാവില്‍ പയ്യാമ്പലം ബീച്ചില്‍ സംഘടിപ്പിക്കുന്ന പരിപാടി ഡിസംബര്‍ 31ന് വൈകിട്ട് ആറു മണിക്ക് മുന്‍ ആരോഗ്യ മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയാകും. പ്രമുഖ ചലച്ചിത്രതാരം കണ്ണൂര്‍ ശ്രീലതയെ ആദരിക്കും. ജില്ലയിലെ പ്രമുഖ സ്ത്രീ വ്യക്തിത്വങ്ങള്‍ പരിപാടിയുടെ ഭാഗമാകും. വൈകിട്ട് 3. 30 മുതല്‍ പയ്യാമ്പലം പാര്‍ക്കില്‍ മൈലാഞ്ചി ഇടല്‍ മത്സരം സംഘടിപ്പിക്കും. രണ്ടു വേദികളിലായി ജില്ലയില്‍ നിന്നുള്ള സ്ത്രീകളുടെ 75 ഇനം കലാപരിപാടികള്‍ അരങ്ങേറും. ജനപ്രതിനിധികളുടെ നൃത്തനൃത്യങ്ങള്‍, ഉദ്യോഗസ്ഥരുടെ കലാപരിപാടികള്‍, വില്‍ക്കലാ മേള, സംഗീതശില്പം, കളരിപ്പയറ്റ്, നാടകം, ശിങ്കാരിമേളം, വ്യത്യസ്ത നൃത്ത പരിപാടികള്‍ എന്നിവയും അരങ്ങേറും. രാത്രി 10.30ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം നല്‍കും. രാത്രി 11 മണിക്ക് സ്ത്രീകളുടെ വടംവലി മത്സരം പയ്യാമ്പലം കടപ്പുറത്ത് നടക്കും. ശേഷം ലാസ്റ്റ് ബെഞ്ച് മ്യൂസിക് ബാന്റിന്റെ കലാപരിപാടികളും ഡി ജെ നൈറ്റും അരങ്ങേറും.
ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥം ടാഗ് ലൈന്‍ മത്സരം, റീല്‍സ് മത്സരം, പോസ്റ്റര്‍ ക്യാമ്പയിന്‍ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, വി കെ സുരേഷ്ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്‍ലത്തീഫ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, വനിതാ-ശിശു വികസന ഓഫീസര്‍ ഡീന ഭരതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date