Skip to main content

ഭൂമിയില്ലാത്ത ഒരാളും കേരളത്തിലുണ്ടാകുകയില്ല: മന്ത്രി കെ. രാജൻ

 

ഭൂമിയില്ലാത്ത ഒരു മനുഷ്യനും ഭാവിയിൽ കേരളത്തിൽ ഉണ്ടാകുകയില്ലെന്നും അത് ഈ സർക്കാരിന്റെ കാലാവധി തീരും മുന്നേ സാധ്യമാക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. പുതിയകാവ് ക്ഷേത്ര മൈതാനിയിൽ നടന്ന  തൃപ്പൂണിത്തുറ മണ്ഡലതല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എന്ന ചരിത്ര നേട്ടത്തിലേക്ക് കേരളം അടുക്കുമ്പോൾ അത് തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേരളത്തിന് നൽകേണ്ട സാമ്പത്തിക സഹായം  നൽകാതെ കേന്ദ്രം പിടിച്ച് വെക്കുമ്പോഴും പ്രതിപക്ഷം മൗനം പാലിക്കുകയാണ്. 2018 ലെ പ്രളയം കേരളത്തിന്റെ സാമൂഹികവസ്ഥയെ തകർത്തു. മുപ്പതിനായിരം കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ടായി. ലോകമെമ്പാടുമുള്ള മലയാളികൾ കേരളത്തെ സഹായിക്കാനൊരുങ്ങി. എന്നാൽ മറ്റ് രാജ്യങ്ങൾക്ക്  പ്രത്യേകമായി ഒരു സംസ്ഥാനത്തെ സഹായിക്കാനാകില്ലെന്ന് പറഞ്ഞു കേന്ദ്രം വിലക്കി. അത് കൊണ്ടൊന്നും കേരളം തകർന്നില്ല. നാം ഒറ്റക്കെട്ടായി നിന്ന് അതെല്ലാം അതിജീവിച്ചുവെന്ന് മന്ത്രി പറഞ്ഞു.

സാമ്പത്തികമായി മുൻ നിരയിൽ നിൽക്കുന്ന പല രാജ്യങ്ങളും കോവിഡിന് മുന്നിൽ പകച്ചു നിന്നു. എന്നാൽ ആരോഗ്യ മേഖലയിൽ പരമാവധി സൗകര്യങ്ങളൊരുക്കി കോവിഡിനെയും നാം അതിജീവിച്ചു. ലോകം കണ്ട ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ നൽകാൻ കേരളത്തിനായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്താൻ തീരുമാനിച്ചത്. 64006 കുടുംബങ്ങളെയാണ് അതി ദാരിദ്ര്യം അനുഭവിക്കുന്നവരായി കണ്ടെത്തിയത്. ഘട്ടംഘട്ടമായി ഇത്തരം കുടുംബങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകി വരികയാണ്. 2025 നവംബർ ഒന്നോടു കൂടി അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

date