Skip to main content

മുണ്ടിനീര് ശ്രദ്ധിക്കുക 

ആലപ്പുഴ: കുട്ടികളില്‍ മുണ്ടിനീര് രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് അറിയിച്ചു. മുണ്ടി നീര്, പാരമിക്സോ വൈറസ് രോഗാണുവിലൂടെയാണ്
പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായി ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് രോഗം സാധാരണയായി പകരുത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്.
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടുന്നു. വിശപ്പില്ലായ്മ, ക്ഷീണ, വേദന, പേശി വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. നീര്, തൊണ്ടവേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ സ്വീകരിക്കുന്നതിന് താമസിക്കരുത്. ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുക. ഡോക്ടറെ കണ്ട് ചികിത്സ തേടുക. ഉമിനീര്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ ഇവയുടെ കണികകള്‍ വായുവില്‍ കലരു ന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരുന്നു. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, പാന്‍ക്രിയാസ് ഗ്രന്ഥി ഇവയ്ക്ക് അണുബാധ ഉണ്ടാകുകയും ചികിത്സിച്ചില്ലെങ്കില്‍ കേള്‍വി തകരാറിനും ഭാവിയില്‍ പ്രത്യുല്‍പാദന തകരാറുകള്‍ ഉണ്ടാകുതിനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ  ഉണ്ടാകാനിടയുണ്ട്.
രോഗ പകര്‍ച്ച ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അസുഖ ബാധിതര്‍ പൂര്‍ണമായും  രോഗം ഭേദമാകുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക. മുണ്ടിനീരിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ രക്ഷിതാക്കളെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കാന്‍ ശ്രദ്ധിക്കണം. പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുടിവെള്ളം പങ്കിടാന്‍ അനുവദിക്കരുത്. രോഗികള്‍ ധാരാളം വെള്ളം കുടിക്കുക. പുളിപ്പുള്ള പഴച്ചാറുകള്‍ പോലെയുള്ള പാനീയങ്ങള്‍ കുടിക്കേണ്ടതില്ല. ചവയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്ത നേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുക. നീരിന്റെയും വേദനയുടെയും പ്രയാസം കുറയ്ക്കുന്നതിനായി ഇളം ചൂടുള്ള ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്യുക. ഐസ് വെക്കുന്നതും ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചൂട് വെക്കുന്നതും നീരിനും വേദനയ്ക്കും ആശ്വാസം നല്‍കാന്‍ സഹായിക്കും. സാധാരണയായി  രണ്ട് ആഴ്ചകൊണ്ട് രോഗം ഭേദമാകാറുണ്ട്

date