Skip to main content

എളങ്കുന്നപ്പുഴ ഗവൺമെന്റ് ന്യൂ എൽ.പി സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു

 

എളങ്കുന്നപ്പുഴ ഗവൺമെന്റ് ന്യൂ എൽ.പി സ്‌കൂളിന് ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ മന്ദിരം നാടിനു സമർപ്പിച്ചു. കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. 

വിവിധ വിഭാഗങ്ങൾ ഉൾപ്പെടുന്ന എളങ്കുന്നപ്പുഴ ഗവൺമെന്റ് സ്‌കൂൾ സമുച്ചയം സമ്പൂർണ്ണ വികസന പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. എച്ച്.എസ് എസ് വിഭാഗത്തിന് രണ്ടുകോടി രൂപ ചെലവിലും എൽ.പിക്കു ഒരു കോടി രൂപ ചെലവിലും ഒരുക്കിയ കെട്ടിടങ്ങൾ ഉദ്‌ഘാടനം ചെയ്‌തുകഴിഞ്ഞിരിക്കുന്നു. ഹൈസ്‌കൂളിന് കിഫ്‌ബി ഫണ്ടിൽ ഒരുകോടി രൂപയുടെ പുതിയ കെട്ടിടം വഴി തുറന്നിട്ടുണ്ട്. ഇതുകൂടി പൂർത്തിയാകുന്നതോടെ സ്‌കൂളിന്റെ സമഗ്രവികസനമാണ് സാധ്യമാകുന്നതെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം എൽ എ വ്യക്തമാക്കി.

എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടിലെ 90 ലക്ഷം രൂപയും പ്രത്യേക വികസന നിധിയിലെ പത്തുലക്ഷം രൂപയും ഉപയോഗിച്ചാണ് ന്യൂ എൽ.പി സ്‌കൂളിന്റെ  പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വിദ്യാലയത്തിന്റെ പഴയ കെട്ടിടവും സ്ഥലവും വൈപ്പിൻ കോളേജിന് വിട്ടുനൽകിയതോടെയാണ് പിന്നീട്  അനുവദിച്ച സ്ഥലത്ത് പുതിയ മന്ദിരം അനിവാര്യമായത്. ഇരു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിന്റെ താഴെ നിലയിൽ നാലും മുകൾ നിലയിൽ രണ്ടും മുറികളുണ്ട്. കൂടതെ രണ്ടു ടോയ്‌ലെറ്റുകളും നിർമ്മിച്ചിട്ടുണ്ട്. 

മുരളി മോഹന്റെ ഓടക്കുഴൽ വാദനത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷയായി. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ മുഖ്യാതിഥിയായി. എ.ഇ.ഒ എം.കെ ഷൈനാമോൾ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എച്ച് നൗഷാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സിനോജ്‌കുമാർ, ബ്ലോക്ക് അംഗങ്ങളായ ശ്യാമള ഷിബു, ജോസി വൈപ്പിൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തെരേസ വോൾഗ, റസിയ ജമാൽ, മേരി പീറ്റർ, ബിന്ദു വേണു, കേരള മാരിടൈം ബോർഡ് അംഗം അഡ്വ. സുനിൽ ഹരീന്ദ്രൻ,  പി.ടി.എ പ്രസിഡന്റ് മുരളി മോഹൻ, സ്‌കൂൾ ലീഡർ കെ.എസ് അനാമി, പ്രിൻസിപ്പൽ ഇൻ ചാർജ് ഷനോജ്‌കുമാർ, ഹെഡ്‍മിസ്‌ട്രസ്‌ എൻ.കെ സീന, എച്ച്.എം ഇൻ ചാർജ് പി.ആർ സജീവ് എന്നിവർ പ്രസംഗിച്ചു.

date