Skip to main content

ഖരമാലിന്യ പരിപാലന പദ്ധതി: ഏലൂരിൽ യോഗം  ചേർന്നു

 

ഖരമാലിന്യ പരിപാലന പദ്ധതിക്ക് പുതിയ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഏലൂരിൽ ആലോചനായോഗം ചേർന്നു. ഏലൂരിൽ നടപ്പിലാക്കിവരുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെ.എസ്. ഡബ്ല്യു. എം. പി)  പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനും മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി ദീർഘകാല ഖരമാലിന്യ പരിപാലനത്തിന് (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്ലാൻ) പുതിയ രൂപരേഖ തയ്യാറാക്കുന്നതിനാണ് ഏലൂർ മുനിസിപ്പാലിറ്റി ചെയർമാൻ എ.ഡി. സുജിലിന്റെ അധ്യക്ഷതയിൽ ടൗൺഹാളിൽ യോഗം ചേർന്നത്.

പുതിയ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കും കെ.എസ്.ഡബ്ല്യു.എം.പി പദ്ധതിയുടെ വരുന്ന അഞ്ചുവർഷത്തേക്കുള്ള പദ്ധതി രേഖ തയ്യാറാക്കുക. പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ പ്രൊജക്റ്റ് ഇപ്ലിമെന്റേഷൻ യൂണിറ്റ് നിലവിലുള്ള ഖരമാലിന്യത്തിന്റെയും അതിന്റെ പരിപാലനത്തിന്റെയും വിശദമായ വിവരങ്ങൾ ശേഖരിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തിയിട്ടുണ്ട്. 

പ്രാദേശിക സമൂഹത്തിന്റെ അറിവും പരിചയവും സമഗ്രവും ഫലപ്രദവുമായ ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിന് അനിവാര്യമായതിനാൽ പൊതുസമൂഹത്തിന്റെ പ്രതിനിധികളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനാണ് യോഗം വിളിച്ചുചേർത്തത്.

നിലവിലുള്ള ശുചിത്വ സേവന സംവിധാനങ്ങളിൽ ഉള്ള പോരായ്മകൾ വിശകലനം ചെയ്യുക, അവ പരിഹരിക്കുന്നതിന് പ്രായോഗികയും പൊതുസമൂഹത്തിന് സ്വീകാര്യവുമായ നടപടികളും സംവിധാനങ്ങളും ഒരുക്കുന്നതിന് ആശയങ്ങൾ സ്വരൂപിക്കുക, നഗരസഭയിൽ നിന്ന് പൊതുജനം ആഗ്രഹിക്കുന്ന സേവന നിലവാരത്തക്കുറിച്ചുള്ള അവരുടെ ആവശ്യങ്ങൾ തുടങ്ങിയവയാണ് യോഗത്തിൽ ചർച്ച ചെയ്തത്.

എലൂർ നഗരസഭയിലെ ഖരമാലിന്യ പരിപാലന പ്രവർത്തനങ്ങൾ ശാസ്ത്രീയവും കാര്യക്ഷമവുമായി കൈകാര്യം ചെയ്യുന്നതിന് ലോകബാങ്കിന്റെ സഹായത്തോടെ കേരളസർക്കാർ മുൻകൈയെടുത്തു നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ. എസ്. ഡബ്ല്യു. എം. പി).

 

date