Skip to main content

ജില്ലാ ക്ഷീരസംഗമം ജനുവരി 25 മുതല്‍ 27 വരെ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും ക്ഷീരകര്‍ഷകരുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകളുടെയും  ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജനുവരി 25, 26, 27 തീയതികളിലായി പഴയന്നൂര്‍ ബ്ലോക്കിലെ എളനാട്  ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ തൃശൂര്‍ ജില്ലാ ക്ഷീരസംഗമം 2024 സംഘടിപ്പിക്കുന്നു. ജനുവരി 27ന് രാവിലെ 10 ന് ചേലക്കര ശ്രീമൂലം തിരുനാള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. ദേവസ്വം, പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ അധ്യക്ഷനാകും. റവന്യൂ-ഭവനനിര്‍മാണ മന്ത്രി കെ.രാജന്‍ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പു ഡോ.ആര്‍.ബിന്ദു, രമ്യ ഹരിദാസ് എം.പി എന്നിവര്‍ മുഖ്യാതിഥികളാവും.

ജനുവരി 25ന് എളനാട് ക്ഷീരസംഘം പരിസരത്ത് കന്നുകാലി പ്രദര്‍ശനം, ഗവ്യജാലകം നടത്തും. കറവപ്പശുക്കള്‍, കിടാരികള്‍, നാടന്‍ പശുക്കള്‍, എരുമകള്‍ എന്നീ ഇനങ്ങളില്‍ കന്നുകാലി പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. വാക്‌സിനേഷന്‍ നടത്തിയ ഉരുക്കളെ മാത്രമാണ് പങ്കെടുപ്പിക്കുക. പ്രദര്‍ശന മത്സരത്തിന് എത്തുന്ന ഉരുക്കള്‍ക്ക് സൗജന്യ കാലിത്തീറ്റയും വിതരണം ചെയ്യും. എളനാട് പോര്‍ക്കുളം കണ്‍വെന്‍ഷന്‍ സെന്ററില്‍ ക്ഷീരസഹകാരികള്‍ക്കും ക്ഷീരസംഘം ജീവനക്കാര്‍ക്കുമുളള ശില്പശാല, ഡയറി ക്വിസ്, നാട്ടിലെ ശാസ്ത്രം എന്ന വിഷയത്തിലധിഷ്ഠിതമായ മുഖാമുഖം പരിപാടി, ക്ഷീരകര്‍ഷകരുടെ സംവാദ പരിപാടിയായ ക്ഷീരകര്‍ഷക പാര്‍ലമെന്റ് എന്നിവയും നടക്കും. 
 
ക്ഷീരമേഖലയുടെ പ്രാധാന്യം സ്‌കൂള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിന് ജനുവരി 26ന് ചേലക്കര ശ്രീമൂലം തിരുനാള്‍ സ്‌കൂള്‍ ഹാളില്‍ വിവിധ മത്സരങ്ങള്‍ (ഉപന്യാസം, ചിത്രരചന, ഡയറി ക്വിസ്, ബോധവത്കരണ ക്ലാസ്) സംഘടിപ്പിക്കും. വൈകിട്ട് നാലിന് സാസ്‌ക്കാരികഘോഷയാത്ര  ക്ഷീരവ്യവസായ-വിപണന-വിജ്ഞാന രംഗത്തെ പുത്തന്‍ സാങ്കേതിക വിദ്യകളും അറിവുകളും പങ്കുവെയ്ക്കുന്ന 50-ഓളം സ്റ്റാളുകള്‍ ഒരുക്കിയ ഡയറി എക്‌സിബിഷന്‍ നടക്കും. വൈകിട്ട് ആറിന് സാംസ്‌കാരിക സായാഹ്നം സിനിമ സംവിധായിക ശ്രുതി ശരണ്യം ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. പി രാജേഷ് കുമാര്‍, പൈങ്കുളം നാരായണ ചാക്യാര്‍ എന്നിവര്‍ സാംസ്‌കാരിക സായാഹ്നത്തില്‍ പങ്കെടുക്കും. വിവിധ പരിപാടികളിലായി ജില്ലയിലെ എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികള്‍, ക്ഷീരസഹകാരികള്‍, ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ സംബന്ധിക്കും. 

ജില്ലയിലെ ക്ഷീരമേഖലയിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനായി പുഴയ്ക്കല്‍ ബ്ലോക്കില്‍ നിന്നുള്ള എന്‍.ജി ഗോപാലകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ ക്ഷീരകര്‍ഷകയായത് ചാലക്കുടി ബ്ലോക്കിലെ ലക്ഷ്മി ശിവദാസ് ആണ്. പട്ടികജാതി- പട്ടികവര്‍ഗ സംവരണ വിഭാഗത്തിലെ മികച്ച ക്ഷീരകര്‍ഷകയായി മതിലകം ബ്ലോക്കിലെ ബിന്ദു ഹരിദാസ്, മികച്ച തീറ്റപ്പുല്‍ കൃഷിത്തോട്ടം ഉടമയായി മാള ബ്ലോക്കിലെ ഹൈഡന്‍ ആന്റണി, യുവകര്‍ഷകനായി ഇരിഞ്ഞാലക്കുട ബ്ലോക്കിലെ മുരിയാട് ക്ഷീരസംഘത്തിലെ കൊല്ലം പറമ്പില്‍ അഖില്‍ ചന്ദ്രന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.  

2022-23 വര്‍ഷത്തില്‍ ഏറ്റവും ഗുണനിലവാരമുള്ള പാല്‍ സംഭരിച്ച ക്ഷീരസംഘം പഴയന്നൂര്‍ ബ്ലോക്കിലെ മായന്നൂര്‍ ക്ഷീരസംഘമാണ്. ജില്ലയിലെ മികച്ച വ്യവസായ സംഘം ഒല്ലൂക്കര ബ്ലോക്കിലെ വലക്കാവ് ക്ഷീര വ്യവസായ സഹകരണ സംഘമാണ്. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച മികച്ച ആപ്‌കോസ് സംഘമായി തിരഞ്ഞെടുത്തത് ഒല്ലൂക്കര ബ്ലോക്ക് മാന്ദാമംഗലം ക്ഷീര സംഘത്തെയാണ്. ജില്ലയില്‍ ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി പുതിയ പദ്ധതികള്‍ നടപ്പിലാക്കി മികച്ച പ്രവര്‍ത്തന മികവ് കാഴ്ചവെച്ച മികച്ച ആപ്‌കോസ് സംഘമായി ഇരിങ്ങാലക്കുട ബ്ലോക്കിലെ ആനന്ദപുരം ക്ഷീരസംഘത്തെ തിരഞ്ഞെടുത്തു.

date