Skip to main content

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഞായറാഴ്ച (3) ജില്ലയിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി

ഈ വർഷത്തെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി  മാർച്ച് 3 ന് നടക്കുകയാണ്. 
1995 മുതൽ നടത്തപ്പെടുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഫലമായി 2014 മാർച്ച് 27 ന് ഇന്ത്യ പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ലോകത്ത് ഇന്നും പോളിയോ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിൽ നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനുമുണ്ട് എന്നതിനാൽ, നമ്മുടെ നേട്ടം നിലനിർത്തുന്നതിനും, പോളിയോ രോഗത്തെ ലോകത്ത് നിന്നും തന്നെ നിർമാർജ്ജനം ചെയ്യുന്നതിനും, ഏതാനും വർഷങ്ങൾ കൂടി ഈ പ്രതിരോധ യജ്ഞം തുടരേണ്ടതുണ്ട്.  രോഗാണു നിരീക്ഷണ പരിപാടി (AFP Surveillance) യുടെ ഭാഗമായി പോളിയോ രോഗാണു രാജ്യത്ത് തിരികെയെത്തുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കുന്നുണ്ടെങ്കിലും നാം മതിയായ മുൻകരുതലുകൾ സ്വീകരിച്ചേ തീരൂ, പ്രത്യേകിച്ച്, വിവിധ രാജ്യങ്ങളുമായി വിശാലമായ രാജ്യാന്തര അതിർത്തി പങ്കിടുന്നതിനാൽ. ഇന്ത്യ യിൽ 2011 ലും, കേരളത്തിൽ 2000 ത്തിലും ആണ്  അവസാനമായി പോളിയോ കണ്ടെത്തിയിട്ടുള്ളത്. 
2024 ലെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി മാർച്ച് 3ന് നടക്കും. ജില്ലയിൽ അഞ്ചു വയസ്സിന് താഴെയുള്ള 203803 കുട്ടികൾക്കാണ്  പൾസ് പോളിയോ ദിനത്തിൽ പോളിയോ തുള്ളിമരുന്ന് നൽകുന്നത്. 
 ജില്ലയിൽ ആകെ 1915 പൾസ് പോളിയോ ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, സബ്സെന്ററുകൾ എന്നിവിടങ്ങളിലായി 1787 പൾസ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കും. കൂടാതെ  ബസ് സ്റ്റാൻഡുകൾ, റെയിൽവേ   സ്റ്റേഷനുകൾ, ബോട്ട് ജെട്ടികൾ, എയർപോർട്ട്, തുടങ്ങി ആളുകൾ വന്നു പോയികൊണ്ടിരിക്കുന്ന 43 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കും. ആളുകൾക്ക് വന്നെത്തിച്ചേരുവാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും, ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും,  കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി 83 മൊബൈൽ ടീമുകളും ഒരുക്കിയിട്ടുണ്ട്.ഇതുകൂടാതെ മേളകൾ നടക്കുന്ന സ്ഥലങ്ങളിൽ 2 അധിക ബൂത്തുകളും ഒരുക്കിയിട്ടുണ്ട്
    പൾസ് പോളിയോ ദിനമായ മാർച്ച് 3 ന് അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളെയും തൊട്ടടുടുത്തുള്ള പൾസ് പോളിയോ ബൂത്തിലെത്തിച്ച് ഒരു ഡോസ് തുള്ളിമരുന്ന് നൽകണം. യാത്ര പോകുന്നവരുടെ സൗകര്യാർത്ഥം  ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും ബോട്ട് ജെട്ടികളിലും, മെട്രോ സ്റ്റേഷനുകൾ   പോളിയോ ബൂത്ത് തയ്യാറാക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ മാർച്ച് 3 ന്  തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് ആരോഗ്യ പ്രവർത്തകർ അടുത്ത രണ്ടു ദിവസങ്ങളിൽ വീടുകളിലെത്തി വാക്സിൻ നൽകുന്നതായിരിക്കും.
വേനൽചൂട് ഏൽക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി രാവിലെ തന്നെ ബൂത്തുകളിൽ എത്തി പോളിയോ തുള്ളി മരുന്ന് സ്വീകരിക്കുന്നതാണ് അഭികാമ്യം. ബൂത്തുകളിൽ സേവനം അനുഷ്ഠിക്കുന്നതിനായി ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ,  തുടങ്ങിയവർക്ക് പ്രത്യേക പരിശീലനം നൽകി നൽകിയിട്ടുണ്ട്.ജില്ലാതല കർമ്മസമിതി യോഗം ചേർന്ന് വിവിധ വകുപ്പുകളുടെയും, സംഘടനകളുടെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ട്.
 പൾസ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാർച്ച് 3 ഞായറാഴ്ച മുളവുകാട് സാമൂഹ്യരോഗ്യ കേന്ദ്രത്തിൽ വച്ച് ബഹു ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സരിത സനൽ  നിർവഹിക്കുന്നതാണ്. ബഹു മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വിഎസ് അക്ബർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. എൽസി ജോർജ്  മുഖ്യാതിഥിയാകും.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) 
എറണാകുളം 02/03/2024

date