Skip to main content

തിരഞ്ഞെടുപ്പ് ജീവനക്കാർക്കായി പോസ്റ്റൽ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്ററുകൾ 

 

 

 ഇടുക്കി ലോക് സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട തൊടുപുഴ, ഇടുക്കി ഉടുമ്പൻചോല, ദേവികുളം, പീരുമേട് എന്നീ നിയോജക മണ്ഡലങ്ങളിലെ പോസ്റ്റൽ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്ററുകളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള  ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് മുഖേന വോട്ടിംഗ് രേഖപ്പെടുത്തുന്നതിനായി ഇന്ന് (20.04.2024)രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ അതാത് നിയോജക മണ്ഡലങ്ങളിൽ പ്രത്യേക  സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.  പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് അംഗീകൃത തിരിച്ചറിയൽ കാർഡുമായി  സെന്ററുകളിൽ വോട്ട് രേഖപ്പെടുത്താവുന്നതാണ്.  

 

 കൂടാതെ ഏപ്രിൽ 23, 24 തീയതികളിൽ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ  / പോലീസ് ഉദ്യോഗസ്ഥർ / തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ള മറ്റ് ജീവനക്കാർ എന്നിവർക്കും ഇടുക്കി കളക്ട്രേറ്റിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പോസ്റ്റൽ വോട്ടിംഗ് സൌകര്യം വിനിയോഗിക്കാവുന്നതാണ്. 

 

 യഥാസമയം പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത പോളിംഗ് ഡ്യൂട്ടി ഉള്ള ജീവനക്കാർക്ക് ഡ്യൂട്ടിക്ക് നിയോഗിച്ച   അതാത് നിയോജക മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളിൽ ഏപ്രിൽ 25 രാവിലെ 8 മണി മുതൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണ്. നേരിട്ട് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടാത്ത  എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ജോലികൾക്കായി നിയമിതരായ,  പോസ്റ്റൽ ബാലറ്റിന് അപേക്ഷ നൽകിയ പോലീസ്, വീഡിയോഗ്രാഫർ, വാഹനങ്ങളിലെ ജീവനക്കാർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് ഏപ്രിൽ 25  രാവിലെ  9 മണി മുതൽ വൈകിട്ട് 5 മണി വരെ ഇടുക്കി കളക്ടറേറ്റിൽ പ്രത്യേകം സജ്ജീകരിച്ച വോട്ടർ ഫെസിലിറ്റേഷൻ സെന്ററിലും വോട്ട് രേഖപ്പെടുത്താവുന്നതാണ്. അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കോ സ്ഥാനാർത്ഥികൾക്കോ /ഏജന്റുമാർക്കോ ടി സെന്ററുകളിൽ വോട്ടെടുപ്പിന്റെ സുതാര്യത പരിശോധിക്കാവുന്നതാണ്.

 

 

date