Skip to main content

ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ

*വിജയികൾക്ക് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഷർമിള സി സമ്മാനദാനം നിർവഹിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ മെഗാഫൈനലിൽ അയ്യപ്പദാസ് പി എസും ജിതിൻ കെ  ജോണും അടങ്ങിയ ടീം ജേതാക്കളായി.

ശരത് വി ആർ, ഷിബു ആർ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും ശാന്തകുമാർ എസ്, ഹാരിസ് എ എന്നിവരുടെ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജേതാക്കൾക്ക് സമാപന ചടങ്ങിൽ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഷർമിള സി സമ്മാനദാനം നിർവഹിച്ചു. വിജയികൾക്ക് 10,000 8000, 6000 രൂപ യഥാക്രമം സമ്മാനത്തുക ലഭിച്ചു.

തിരുവനന്തപുരം ശംഖുമുഖത്തെ സുനാമി പാർക്കിൽ വൈകിട്ട് ആറിന് നടന്ന മെഗാ ഫൈനലിൽ രണ്ട് പേരടങ്ങുന്ന ആറു ടീമുകളാണ് മൽസരിച്ചത്. സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലായി നടന്ന പ്രാഥമികഘട്ട മൽസരങ്ങളിൽ വിജയിച്ചെത്തിയ 18 ടീമുകളിൽ നിന്ന് പ്രിലിമിനറി മൽസരത്തിലൂടെ തിരഞ്ഞെടുത്ത ആറ് ടീമുകളാണ് മെഗാ ഫൈനലിൽ മാറ്റുരച്ചത്. വൈകിട്ട് 4 മണിക്കാണ് പ്രിലിമിനറി മൽസരം ആരംഭിച്ചത്.

ഒന്നാം സ്ഥാനത്തെത്തിയ ടീമിലെ അയ്യപ്പദാസ് തിരുവനന്തപുരം സ്വദേശിയും സെക്രട്ടേറിയറ്റിൽ അസി. സെക്ഷൻ ഓഫീസറുമാണ്. ആലപ്പുഴ സ്വദേശിയായ ജിതിൻ കെ ജോൺ ധനകാര്യ വകുപ്പിൽ അസി. സെക്ഷൻ ഓഫീസറാണ്. രണ്ടാം സ്ഥാനത്തെത്തിയ ടീമിലെ ശരത് വി ആർ കൊല്ലം സ്വദേശിയും പിഎസ് സിയിൽ അസിസ്റ്റന്റായി ജോലി നോക്കുന്നയാളുമാണ്. ഷിബു വി ആർ നിയമസഭ സെക്രട്ടേറിയറ്റിൽ അസംബ്ലി അറ്റൻഡന്റാണ്. കൊല്ലം സ്വദേശിയാണ്. മൂന്നാംസ്ഥാനത്തെത്തിയ ടീമിലെ ശാന്തകുമാർ എസ് ചിറയിൻകീഴ് സ്വദേശിയും നിയമസഭ സെക്രട്ടേറിയറ്റിൽ ജോയിന്റ് സെക്രട്ടറിയുമാണ്. കല്ലമ്പലം സ്വദേശിയായ ഹാരിസ് എ പാറശ്ശാല സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ അസി. പ്രൊഫസറാണ്. വിജയികൾക്ക് സമ്മാനത്തുകയോടൊപ്പം സർട്ടിഫിക്കറ്റും മെമന്റോയും നൽകി. 

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള രണ്ട് പേരടങ്ങിയ ടീമുകൾ ഏപ്രിൽ 15 മുതൽ 20 വരെ ആറു കോർപ്പറേഷനുകളിലായി നടന്ന ആദ്യഘട്ട മത്സരത്തിൽ പങ്കെടുത്തിരുന്നു. പ്രായ, ലിംഗഭേദമന്യേ ഒട്ടേറെ പേർ പങ്കെടുത്ത ക്വിസ് മൽസരങ്ങളിൽ വലിയ ജനപങ്കാളിത്തമാണുണ്ടായത്. 19 വയസ്സു മുതൽ 65 വയസ്സുവരെ പ്രായമുള്ളവർ മൽസരങ്ങളിൽ പങ്കാളികളായി. പ്രാഥമികഘട്ട മൽസരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ടീമുകൾക്ക് യഥാക്രമം 5000, 3000, 2000 എന്നിങ്ങനെ സമ്മാനത്തുക ലഭിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം, രാഷ്ട്രീയത്തിലെ പ്രധാനസംഭവങ്ങൾ, ആനുകാലിക തിരഞ്ഞെടുപ്പ് വാർത്തകൾ, സ്വതന്ത്ര്യസമരം എന്നിവ അധികരിച്ചുള്ള ചോദ്യങ്ങളാണ് തിരഞ്ഞെടുപ്പ് ക്വിസ് മൽസരത്തിൽ ഉൾപ്പെടുത്തിയത്. മഹാത്മാഗാന്ധി സർവകലാശാലയിലെ സെക്ഷൻ ഓഫീസർ ടെസിൻ സൈമണായിരുന്നു ക്വിസ് മാസ്റ്റർ.

പി.എൻ.എക്‌സ്. 1501/2024

date