Skip to main content
വോട്ടെടുപ്പ് ദിനത്തില്‍ സജീവമായി കമാന്‍ഡ് കണ്‍ട്രോള്‍ റൂം

വോട്ടെടുപ്പ് ദിനത്തില്‍ സജീവമായി കമാന്‍ഡ് കണ്‍ട്രോള്‍ റൂം

തിരഞ്ഞെടുപ്പ് ദിനത്തില്‍ സുതാര്യവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് സജീവമായി കളക്ടറേറ്റിലെ കമാന്‍ഡ് കണ്‍ട്രോള്‍ റൂം. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചത്. ജില്ലയിലെ 1281 ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിരുന്നു. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തല്‍സമയം രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്തു. കൂടാതെ, പ്രശ്നബാധിത ബൂത്തുകളെയും പ്രത്യേകം നിരീക്ഷിച്ച് സമാധാനപരമായ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് നടന്നതെന്ന് ഉറപ്പാക്കി.  

ഓരോ മണിക്കൂറിലേയും പുതുക്കിയ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിന്റെ സഹായത്തോടെ ഇലക്ഷന്‍ കമ്മീഷന്റെ പോള്‍ മാനേജര്‍ ആപ്പിലേക്കും രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍ സൈറ്റിലേക്കും നല്‍കി. മോക്ക് പോളിങ് തുടങ്ങി വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ ജില്ലാ കലക്ടര്‍ പൂര്‍ണമായും കണ്‍ട്രോള്‍ റൂം മുഖേന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. സാങ്കേതിക തകരാര്‍ മൂലം ബൂത്തിലോ ഇവിഎം, വിവിപാറ്റ് ഉപകരണങ്ങളിലോ നേരിട്ട തടസങ്ങള്‍ ഉടനെ പുനസ്ഥാപിക്കാനുള്ള നടപടികളും സ്വീകരിച്ചു. വോട്ടിങ് ആരംഭിച്ചത് മുതല്‍ ഓരോ മണിക്കൂറിലും പുതുക്കിയ വിവരങ്ങള്‍ ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പ് വരുത്തി അപ്‌ഡേറ്റ് ചെയ്യാന്‍ താമസം നേരിടുന്ന ബൂത്തുകളിലും സാങ്കേതിക തകരാര്‍ ഉണ്ടായ ഇടങ്ങളിലും സെക്ടറല്‍ ഓഫീസര്‍മാരെ ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിച്ചു. 

ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളുടെ നിരീക്ഷണത്തിന് 13 ടെലിവിഷനുകളും പ്രശ്‌നബാധിത ബൂത്തുകളുടെ പ്രത്യേക നിരീക്ഷണത്തിന് അഞ്ചെണ്ണവും ഒരുക്കിയിരുന്നു. മൂന്ന് ഷിഫ്റ്റുകളിലായി 23 ജീവനക്കാരാണ് പ്രവര്‍ത്തിച്ചത്. കണ്‍ട്രോള്‍ റൂമില്‍ സജ്ജമാക്കിയ കോള്‍ സെന്റര്‍ മുഖേനയും ആശയവിനിമയം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചു. കൃത്യമായ ഇടവേളകളില്‍ മാധ്യമങ്ങള്‍ക്ക് പോളിങ് വിവരങ്ങള്‍ നല്‍കാനും മാധ്യമ നിരീക്ഷണത്തിനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ടീം പ്രവര്‍ത്തിച്ചു. പൊതു നിരീക്ഷക പി. പ്രശാന്തി, ചെലവ് നിരീക്ഷക മാനസി സിങ് നിര്‍ദേശങ്ങളുമായി സജീവമായിരുന്നു. എ.ഡി.എം ടി. മുരളി, സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്ക്, അസി. കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി തുടങ്ങിയവരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. തിരഞ്ഞെടുപ്പ് തലേന്ന് മുതല്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം പോളിങ് അവസാനിച്ചതിന് ശേഷം വോട്ടിങ് സാമഗ്രികള്‍ സ്‌ട്രോങ്ങ് റൂമില്‍ എത്തുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചതിന് ശേഷം മാത്രമാണ് അവസാനിച്ചത്.

date