Skip to main content

മഴക്കാലപൂര്‍വ്വ ശുചീകരണം ശക്തമാക്കാം; മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം

ആലപ്പുഴ: ഇടവിട്ടുള്ള വേനല്‍ മഴ പെയ്യുന്ന സാഹചര്യം കണക്കിലെടുത്തും മഴക്കാലത്തിനു മുന്നോടിയായും ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കരോഗങ്ങള്‍, മഞ്ഞപിത്തം, ടൈഫോയ്ഡ് പകര്‍ച്ച പനി തുടങ്ങിയ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനുമായി ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ഈഡിസ് കൊതുക് നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാര്‍ഗം. വീടിനുള്ളിലും വീടിനു സമീപവുമാണ് ഇവ പ്രജനനം നടത്തുന്നത്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍, ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, മണി പ്ലാന്റുകള്‍ വളര്‍ത്തുന്ന കുപ്പികളിലെ, വെള്ളം, ചെടികളുടെ അടിയില്‍ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബ്ബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, കമുങ്ങിന്‍ പാളകള്‍, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്സ്, സണ്‍ഷെയ്ഡ്, പാത്തികള്‍ എന്നിവിടങ്ങില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്. . ആക്രി കച്ചവടം നടത്തുന്ന സ്ഥലങ്ങളില്‍ ആക്രി സാധനങ്ങള്‍ ഷീറ്റ് ഉപയോഗിച്ച് മൂടണം. ഇത്തരം സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ വളരും. വീടിന്റെ ടെറസ്  സണ്‍ഷൈഡ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാത്ത വിധം വൃത്തിയായി സൂക്ഷിക്കുക. കൊതുകുവളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കിയും വ്യക്തിഗത സുരക്ഷിതമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും ഡെങ്കിപ്പനിയെ നിയന്ത്രിക്കാന്‍ കഴിയും.

വെള്ളിയാഴ്ചകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ഞായറാഴ്ചകളില്‍ വീടുകളിലും പരിസരങ്ങളിലും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. മഴയില്‍ കുടിവെള്ള സ്രോതസ്സുകളും പരിസരവും മലിനമാകുവാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ വയറിളക്കരോഗങ്ങള്‍, മഞ്ഞപിത്തം, ടൈഫോയ്ഡ് എന്നിവക്കെതിരെ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. ജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഈച്ച, പാറ്റ, എലി എന്നിവ പെരുകി പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകും. അതിനാല്‍ ശാസ്ത്രീയമായി സംസ്‌കരിക്കണം.

മഴക്കാലത്തിന് മുന്നോടിയായി കിണറുകളും ടാങ്കുകളും വൃത്തിയാക്കണം. കൊതുക് കടക്കാത്ത വിധം വലയിട്ട് മൂടി സൂക്ഷിക്കണം. കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തേണ്ടതാണ്. നന്നായി തിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു. ആഹാരസാധനങ്ങള്‍ മറ്റും ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം. ഹോട്ടലുകളും ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങള്‍ പ്രേത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വാര്‍ഡ് തലത്തില്‍ പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ പരിപാടികളും നടത്തി വരികയാണ്. പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കിയാല്‍ മാത്രമേ ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുകയുള്ളു. ആയതിനാല്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലും പകര്‍ച്ച വ്യാധിപ്രതിരോധ പ്രവര്‍ത്തനങ്ങളിലും എല്ലാവരും പങ്കാളികളാകണമെന്നും ഡി.എം.ഒ. അറിയിച്ചു.
 

date