Skip to main content

ലോക കേരളസഭ ആശംസാ പ്രസംഗങ്ങൾ

കെ സച്ചിദാനന്ദൻ

          പ്രവാസികൾ കേവലം സമ്പത്തിന്റെ സ്രോതസുകൾ മാത്രമല്ലകേരള സംസ്‌കാരത്തിനും സാഹിത്യത്തിനും കലയ്ക്കും വലിയ സംഭാവനകൾ നൽകിയിട്ടുള്ളവരാണ്. കലാലോകത്ത് കേരളത്തിന് ആഗോള പ്രശസ്തി നേടാൻ പ്രവാസികൾ സഹായിച്ചിട്ടുണ്ട്. സ്ത്രീ വിമോചനത്തിന്റെ ആദ്യ ശബ്ദം ഉയർന്നതു കേരളത്തിന് പുറത്ത് ജീവിച്ച കമലാസുരയ്യമാനസി തുടങ്ങിയവരിൽ നിന്നാണ്. നോവലിൽ ആധുനികത ആദ്യമായി സംഭവിച്ചത് പ്രവാസികളായ ഒ.വി. വിജയൻമുകുന്ദൻകാക്കനാടൻസക്കറിയ എന്നിവരിലൂടെയാണ്. മലയാളഭാഷയുടെ പ്രചാരണത്തിൽ പ്രവാസികൾ വഹിച്ച പങ്ക് വളരെ വലുതാണ്. സാഹിത്യത്തിനും കലയ്ക്കും അമൂല്യമായ സംഭാവനകൾ നൽകിയവരാണ്. അത് കണക്കിലെടുത്ത് അവർക്ക് ആദരം നൽകണം.  ലോക കേരള സഭയോടനുബന്ധിച്ച് പ്രവാസി സാഹിത്യ സമ്മേളനം കൂടി സംഘടിപ്പിച്ചാൽ ഇതിന് ആഴവും അർഥവും കൂടും. സാഹിത്യ അക്കാദമി കേരളത്തിലും ഇന്ത്യയ്ക്ക് അകത്തും  പരിപാടികൾ നടത്താൻ തയ്യാറാണ്. പ്രവാസി എഴുത്തുകാർക്ക് മാത്രമായി ഒരു പുരസ്‌കാരം കൂടി സാഹിത്യ അക്കാദമിയിൽ ഉൾപ്പെടുത്തേണ്ടതാണ് എന്ന തോന്നൽ  ശക്തമായിട്ടുണ്ട്.

 

ബെന്യാമിൻ

          ലോക കേരള സഭയിൽ ഓരോ തവണയും പങ്കെടുക്കുമ്പോൾ കാണുന്ന വളർച്ചയിൽ സന്തോഷമുണ്ട്. കേരളത്തിന്റെ പുരോഗതി എത്ര മനോഹരമായാണ് പ്രവാസികൾ കാണുന്നത്. രണ്ടുദിവസങ്ങളിലായി പ്രവാസികൾ പങ്കുവെച്ച ആശയങ്ങൾ ഗൗരവമായി കാണണം. പ്രവാസികൾക്കായി ഒരു ഡയസ്പോറ സ്റ്റഡി സെന്റർ ഉണ്ടാകേണ്ടതുണ്ട്. ഭാവി തലമുറയ്ക്ക് പ്രവാസത്തിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്നതിനായി ഒരു മൈഗ്രേഷൻ മ്യൂസിയവും ഉണ്ടാക്കണം.

 

ജോൺ ബ്രിട്ടാസ് എംപി

          ലോക കേരള സഭ ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കും മാതൃകയാണ്. 2,14,000 കോടി രൂപയാണ് 2023ൽ പ്രവാസികൾ കേരളത്തിലേക്ക് അയച്ചത്. അഞ്ചുവർഷംകൊണ്ട് 155 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. വേൾഡ് ബാങ്കിന്റെ കണക്ക് പ്രകാരം പ്രവാസി റെമിറ്റൻസിന്റെ കാര്യത്തിൽ ഇന്ത്യ ചൈനയെ കടത്തി വെട്ടി. 70 ബില്യൺ ഡോളർ ആണ് പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്നത്. കേരളത്തിലെ ജിഡിപിയുടെ മൂന്നിലൊന്ന് ശതമാനവും സംഭാവന ചെയ്യുന്നത് പ്രവാസി മലയാളികളാണ്.

 

കെ ടി ജലീൽ എംഎൽഎ

          ലോകത്തെമ്പാടും മലയാളിക്ക് നിക്ഷേപ സംരംഭങ്ങൾ തുടങ്ങാൻ എവിടെയൊക്കെ സാധിക്കുമെന്ന് ആലോചിക്കാൻ കൂടിയാണ് ലോക കേരളസഭ. ആഫ്രിക്കയൊക്കെ നിക്ഷേപ സാധ്യത വലിയതോതിൽ ഉള്ളതാണെന്നു പ്രതിനിധികൾ പറഞ്ഞിട്ടുണ്ട്. കേരളത്തെ സുരക്ഷിതമായ ഒരു എജുക്കേഷണൽ ഹബ്ബ് ആക്കി മാറ്റാൻ എല്ലാ സഭാംഗങ്ങളുടെയും സഹകരണം ഉണ്ടാകണം. കേരളത്തിന്റെ സാംസ്‌കാരിക അംബാസഡർമാർ കൂടിയാണ് പ്രവാസികൾ.

 

കെ.വി. തോമസ്

          ലോക കേരള സഭ മലയാളിയുടെ അഭിമാന സ്ഥാപനമായി മാറി. നമ്മുടെ സംസ്‌കാരം കാഴ്ചപ്പാട് എന്നിവ നിലനിർത്താൻ ഈ കൂട്ടായ്മ വഴി സാധിക്കുന്നു. വിവിധ തട്ടിലുള്ള മലയാളികളെ ഒന്നിച്ച് അണിനിരത്താൻ ലോകകേരള സഭയ്ക്കു കഴിഞ്ഞു.

 

നജീബ് (ആട് ജീവിതം)

          ലോക കേരളസഭ എല്ലാ പാവപ്പെട്ട പ്രവാസികൾക്കും നല്ല അനുഭവം സമ്മാനിക്കുന്നു. ഈ സംവിധാനം ഒരിക്കലും നിർത്തരുത്.

 

ഒ.വി. മുസ്തഫ

          നാലാം ലോക കേരള സഭയിൽ 104 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തി. ആശയവിനിമയം നടത്താമെന്നും പരസ്പര സഹായം ഉറപ്പ് വരുത്താമെന്നതുമാണ് ലോക കേരള സഭയിലൂടെ കിട്ടുന്ന വലിയ അവസരം. വിദേശ പ്രവാസികളുടെ നിക്ഷേപത്തിലെ ആദ്യ സംരംഭത്തിന്റെ ഭാഗമായിട്ടാണ് റസ്റ്റ് സ്റ്റോപ്പുകൾ ആരംഭിച്ചത്. തലപ്പാടിയിൽ അതിന്റെ ആദ്യ പ്രവർത്തനം നടക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ 30 ഓളം റസ്റ്റ് സ്റ്റോപ്പുകൾ നിർമിക്കും.

 

ബോസ് കൃഷ്ണമാചാരി

          സാമ്പത്തികത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ സാംസ്‌കാരിക സമ്പദ് വ്യവസ്ഥയെ കുറിച്ച് ചിന്തിക്കുന്നില്ല. അത് വിപുലപ്പെടുത്താൻ പ്രവാസി മലയാളികൾ മുന്നിട്ട് ഇറങ്ങണം. ഈ മേഖലയിൽ പ്രവാസി നിക്ഷേപം സാധ്യമാക്കണം.

 

കെ.വി. അബ്ദുൽ ഖാദർ

          ലോക കേരള സഭയെക്കുറിച്ചുള്ള വിമർശനങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് 103 രാജ്യങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം. വ്യത്യസ്തങ്ങളായ ആശയങ്ങളാണ് പ്രവാസികൾ മുന്നോട്ടുവച്ചത്. ഇന്ത്യയിൽ പ്രവാസി ക്ഷേമം നടപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. കഴിഞ്ഞ എട്ടുവർഷംകൊണ്ട് പ്രവാസി ക്ഷേമനിധി അംഗമായവരുടെ എണ്ണം ആറേ മുക്കാൽ ലക്ഷം വർദ്ധിച്ചിട്ടുണ്ട്. ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ ക്രിയാത്മകമായി പരിഷ്‌കരിച്ച് മുന്നോട്ടുപോകും.

 

തമ്പി ആന്റണി

          ലോക കേരള സഭയിലെ ചർച്ചയിൽ ഉയർന്നുവന്ന സാഹിത്യ സമ്മേളനം നല്ലൊരു നിർദ്ദേശമാണ്. സിനിമാ മേഖലയിലും പ്രവാസി അവാർഡ് ഏർപ്പെടുത്തണം. പുതിയ പ്രതിഭകളെയും അവാർഡുകൾക്കു പരിഗണിക്കണം.

 

അൻവർ നഹ

          പ്രവാസി സമൂഹവുമായി ബന്ധപ്പെടാനുള്ള നെറ്റ്വർക്കായി ലോക കേരളസഭ മാറി. തിരിച്ചുവരാത്ത ഇന്ത്യക്കാർ കൂടുന്ന സാഹചര്യത്തിൽ പ്രവാസി സമൂഹത്തെക്കുറിച്ച് പുനർ ചിന്തിക്കേണ്ടതുണ്ട്. പഠനത്തിനായി കുടിയേറുന്ന വിദ്യാർഥികൾ തിരികെയെത്തുന്ന സാഹചര്യം കുറയുകയാണ്. പുതിയ പ്രവാസ സമൂഹത്തിന്റെ ഘടനാപരമായ വ്യത്യാസം കൂടി കണക്കിലെടുക്കണം.

പി.എൻ.എക്‌സ്. 2296/2024

 

date