Skip to main content

മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റില്‍കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള 2023 - 24ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലതലത്തില്‍ ഒന്നാം സ്ഥാനത്തിന് .പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര സ്കൂളും രണ്ടാം സ്ഥാനത്തിന് എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി സ്കൂളും മൂന്നാംസ്ഥാനത്തിന് എൻ.എച്ച്.എസ്.എസ് എരുമമുണ്ട സ്കൂളും അർഹത നേടി. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍രായ സ്കൂളുകള്‍ക്ക് യഥാക്രമം 30,000/-, 25,000/-, 15,000/രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡായി നല്‍കുന്നത്.  ജൂലൈ ആറിന് നിയമസഭാ മന്ദിരത്തിനുള്ളിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ   മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 188 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്കൂള്‍ വിക്കി അപ്ഡേഷന്‍, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാർഡിനർരായവരെ കണ്ടെത്തിയിട്ടുള്ളത്.

ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ- കൊമേഴ്സ്, ഇ- ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ പ്രവർത്തനം ഹയര്‍സെക്കൻ്ററി തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്'

date