Skip to main content

ഞാറ്റുവേല ചന്തകളും കർഷകസഭകളും ; സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി നിർവഹിക്കും

കാർഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഞാറ്റുവേലകളിൽ പ്രധാനമായ തിരുവാതിര ഞാറ്റുവേല ആരംഭിക്കുന്ന ജൂൺ 22 മുതൽ ജൂലൈ 5 വരെ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തകളും കർഷകസഭകളും സംഘടിപ്പിക്കുന്നു.  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കായംകുളം റ്റി.എ. കൺവെൻഷൻ സെന്ററിൽ ഇന്ന് (ജൂൺ 22 ശനിയാഴ്ച്ച) വൈകുന്നേരം 4 മണിക്ക് കായംകുളം എംഎൽഎ യു. പ്രതിഭയുടെ അധ്യക്ഷതയിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. പരിപാടിയിൽ ഭൗമ സൂചിക പദവി ലഭിച്ച ഓണാട്ടുകര എള്ളിന്റെ സംഭരണോദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. ആലപ്പുഴ എംപി കെ.സി. വേണുഗോപാൽ, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന ഞാറ്റുവേല കലണ്ടർഞാറ്റുവേല ടേബിൾ കലണ്ടർ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്യും.

കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ സംബന്ധിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കുന്നതിനും കർഷകർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ലഭ്യത സമയബന്ധിതമായി ഉറപ്പാക്കുന്നതിനുംകാർഷിക മേഖലയിൽ പ്രദേശികമായി നിലനിൽക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചർച്ചചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സംസ്ഥാനത്തുടനീളം ഞാറ്റുവേലച്ചന്തകളും കർഷക സഭകളും ജൂൺ  22 മുതൽ ജൂലൈ 5 വരെ സംഘടിപ്പിക്കുകയാണ്. കൃഷി വകുപ്പിന്റെയും കൃഷി ഭവനുകളുടേയും സേവനം ഏറ്റവും താഴെത്തട്ടിൽ ഫലപ്രദമായി എത്തിക്കുക എന്ന ഉദ്ദേശ്യമാണ് കർഷക സഭകൾക്കുള്ളത്. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും മുഴുവൻ കർഷകരെയും പങ്കാളികളാക്കിയാണ് കർഷകസഭകൾ സംഘടിപ്പിക്കുന്നത്. തിരുവാതിര ഞാറ്റുവേല വരെയുള്ള കാലയളവിൽ ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിൽപ്പനക്കും പ്രാദേശിക നടീൽ വസ്തുക്കളുടെ കൈമാറ്റം നടത്തുന്നതിനുമാണ് ഞാറ്റുവേല ചന്തകൾ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുക.

പി.എൻ.എക്സ്. 2442/2024

date