Skip to main content

നവീകരിച്ച സയൻസ്  പാർക്ക്   മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

 

 

നവീകരിച്ച ജില്ലാ പഞ്ചായത്ത് സയൻസ്  പാർക്ക്  പ്രദര്‍ശന വസ്തുക്കളുടെ ഉദ്ഘാടനം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു.  

 

വിദ്യാർഥികൾക്കും പൊതുജനങ്ങളിലും ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി 10 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടന്നത്. ഏകദേശം 100 ഓളം പ്രദർശന വസ്തുക്കളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. എട്ടു മുതൽ പ്ലസ് ടു വരെ ക്ലാസുകളിലെ ഫിസിക്സ് , കണക്ക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ത്രീഡി ഷോകളും  ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രവേശനം . ഞായാറാഴ്ചകളിൽ ഗ്രൂപ്പായി സന്ദർശകർ എത്തുകയാണെങ്കിൽ സയൻസ് പാർക്ക് തുറന്ന് നൽകും.

 

മുതിർന്നവർക്കും കുട്ടികൾക്കും  ത്രീഡി കണ്ണട ഫീ ഉൾപ്പെടെ പ്രവേശന ഫീസ് യഥാക്രമം 50 രൂപ 40 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.

 

പരിപാടിയുടെ ഭാഗമായി ശാസ്ത്ര ക്വിസ് മത്സരവും നടന്നു.

 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയി കുര്യൻ , ജില്ലാ പഞ്ചായത്ത്  ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. കെ കെ രത്നകുമാരി , ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി ഗംഗാധരൻ മാസ്റ്റർ, ഡിഡിഇ ഇൻ ചാർജ് എ എസ് ബിജേഷ്,  സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ വി മുകുന്ദൻ എന്നിവർ സംസാരിച്ചു.

 

2002 ലാണ് ജില്ലാ പഞ്ചായത്തിൻ്റ കീഴിൽ സയൻസ് പാർക്ക്  കാൾടെക്സിന് സമീപം ആരംഭിച്ചത്.

date