Skip to main content
.

എച്ച് എം സി യോഗം : മെഡിക്കൽ കോളേജ് മോഡുലാർ ലാബ് രണ്ടാഴ്ചയ്ക്കകം പ്രവർത്തനക്ഷമമാക്കും

ഇടുക്കി മെഡിക്കൽ കോളേജിലെ മോഡുലാർ ലാബിലെ ഇലക്ട്രിക്ക്, പ്ലംബിംഗ് ജോലികൾ ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ടാഴ്ചയ്ക്കകം പ്രാദേശികമായി ചെയ്ത് തീർക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന ഹോസ്പിറ്റൽ മാനേജ്മെമെൻ്റ് കമ്മറ്റി അഥവാ  എച്ച് എം സി യോഗത്തിലാണ് തീരുമാനം. എച്ച് എം സിയുടെ നേതൃത്വത്തിൽ ഉപസമിതി രൂപീകരിച്ചാണ് പ്രവൃത്തികൾ നടപ്പിലാക്കുക. പെൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടം സപ്തംബറോടെ താമസയോഗ്യമാക്കും. 350 പേർക്ക് താമസിക്കാൻ കഴിയുന്ന കെട്ടിടത്തിൻ്റെ മുകൾ ഭാഗത്ത് തുണിയലക്കാനും ഉണങ്ങാനിടാനുമായി  രണ്ട് മാസത്തിനകം പ്രത്യേക സൗകര്യമൊരുക്കും. അടുക്കളയിൽ സ്ലാബ് സൗകര്യം ഒരുക്കും. മെഡിക്കൽ കോളേജിൻ്റെ അടിസ്ഥാന വികസനത്തിനായി സി എസ് ആർ ഫണ്ടുകൾ സമാഹരിക്കുന്ന കാര്യം അടിയന്തിര പരിഗണനയിലാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കാത്ത് ലാബ്, റേഡിയോതെറാപ്പി കെട്ടിട സമുച്ചയമാണ് സി എസ് ആർ ഫണ്ട് വഴി നിർമ്മിക്കുക. കെടിട നിർമ്മാണത്തിനുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെ ചുമതലപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ഓപ്പറേഷൻ തീയേറ്റർ സമുച്ചയത്തിൻ്റെ പണികൾ പൂർത്തിയാക്കാൻ കെ എം എം സി എല്ലിന് ഉടൻ വർക്ക് ഓർഡർ നൽകാനും യോഗത്തിൽ തീരുമാനമായി. ചെറുതോണി ബസ് സ്റ്റാൻ്റിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് 5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന നേരിട്ടുള്ള റോഡിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും മന്ത്രി നിർദ്ദേശം നൽകി.
എം എൽ എമാരായ എം എം മണി, എ രാജ, ജില്ലാ കളക്ടർ ഷീബാ ജോർജ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ടോമി മാപ്പലിയേക്കൽ, സൂപ്രണ്ട് ഡോ. സുരേഷ് വർഗ്ഗീസ്, എച്ച് എം സി ഗവ. നോമിനിമാരായ സി വി വർഗ്ഗീസ്, ഷിജോ തടത്തിൽ, കിറ്റ്കോ, കെ എസ് ഇ ബി , ജലവിഭവ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

video https://we.tl/t-IYEm46T7pp

date