Skip to main content

സെൻട്രൽ ജയിലിൽ വായനയുടെ വർത്തമാനം

വായന വാരാചരണത്തിന്റെ ഭാഗമായി സെൻട്രൽ ജയിലിൽ വായനയുടെ വർത്തമാനം എന്ന പരിപാടി സംഘടിപ്പിച്ചു. ജയിൽ വകുപ്പും സാക്ഷരതാ മിഷനും ചേർന്ന് നടത്തുന്ന ജയിൽജ്യോതി പരിപാടിയുടെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിച്ചത്.സെൻട്രൽ ജയിലിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജയിലിലെ അന്തേവാസികൾക്ക് വായനയിലൂടെ ഒരു നവലോകം സൃഷ്ടിക്കാനാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.

സെൻട്രൽ ജയിൽ സൂപ്രണ്ട് എസ്.സജീവ് അധ്യക്ഷനായ ചടങ്ങിൽ ജയിൽ ദക്ഷിണ മേഖല ഡി ഐ ജിയും സിക്ക ഡയറക്ടറുമായ ഡി.സത്യരാജ് മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഒലീന എ ജി മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ വി രതീഷ് രചിച്ച പുസ്തകം ജയിൽ ലൈബ്രറിയിലേക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ജയിൽ സൂപ്രണ്ട് പുസ്തകം ഏറ്റുവാങ്ങി.
സാക്ഷരതാ മിഷൻ മുഖമാസികയായ അക്ഷരകൈരളിയുടെ ജൂൺ ലക്കം ജയിലിലെ പഠിതാക്കൾക്ക് വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.ആർ സലൂജ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ജലീൽ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ വി രതീഷ്, അസിസ്റ്റന്റ് കോർഡിനേറ്റർ കെ സജിത എന്നിവർ സംസാരിച്ചു.

ജയിൽ ജ്യോതി പദ്ധതിയുടെ ഭാഗമായി 20 പേർ സാക്ഷരത ക്ലാസിലും 9 പേർ പത്താം തരം തുല്യതയ്ക്കും 13 പേർ ഹയർ സെക്കൻഡറി തുല്യതയ്ക്കും പഠിക്കുന്നുണ്ട്. അന്തേവാസികൾക്കായി പഠനാനുബന്ധ പ്രവർത്തനങ്ങൾ കൂടുതൽ സംഘടിപ്പിക്കുമെന്ന് സാക്ഷരതാ മിഷൻ ഡയറക്ടർ ഒലീന എ ജി പറഞ്ഞു.

date