Skip to main content

മിച്ചഭൂമി പട്ടയ പ്രശ്നത്തിന് പരിഹാരം കാണും: റവന്യു മന്ത്രി

 

മിച്ചഭൂമി പട്ടയ പ്രശ്നത്തില്‍ വേഗത്തില്‍ നടപടി ഉണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍. വിഷന്‍ ആന്റ് മിഷന്‍ 2021-26 ന്റെ ഭാഗമായ നാലാമത് കണ്ണൂര്‍ ജില്ലാ റവന്യു അസംബ്ലിയില്‍ എംഎല്‍എമാര്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി പലതും പാറക്കെട്ടും കുന്നിന്‍പുറവുമൊക്കെയാണെന്ന് എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. പലയിടത്തും മിച്ചഭൂമിയില്‍ കയ്യേറ്റവും നടക്കുന്നുണ്ടെന്ന് അംഗങ്ങള്‍ അസംബ്ലിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
 

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍/പുനരധിവാസം സംബന്ധിക്കുന്ന ചട്ടം 13 പ്രകാരം ഇതിനായി നിരവധി വകുപ്പുകളുടെ അനുമതി വേണം. ഫ്ളഡ് റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികളിലും നിരവധി തടസങ്ങളുണ്ട്. ഇക്കാര്യത്തില്‍ ഏകീകരണ സ്വഭാവം ഉണ്ടാവുന്നതിന് വീണ്ടും കേന്ദ്ര മന്ത്രിയെ കാണുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. സിറ്റി റോഡിന് സ്ഥലമേറ്റെടുക്കുമ്പോള്‍ പൊളിച്ചു നീക്കേണ്ടിവരുന്ന വില്ലേജ് ഓഫീസുകള്‍ക്ക് പകരം ഭൂമി കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.

 

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി,  എംഎല്‍എമാരായ ടി ഐ മധുസൂദനന്‍, കെ പി മോഹനന്‍, സജീവ് ജോസഫ്, കെ വി സുമേഷ്, അഡ്വ. സണ്ണി ജോസഫ്, എം വിജിന്‍ തുടങ്ങിയവര്‍ മണ്ഡലങ്ങളിലെ ആവശ്യങ്ങളും ജില്ലയിലെ വിഷയങ്ങളും അസംബ്ലിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ജില്ലയുടെ പൊതുവിവരം ഡിജിറ്റലായി അവതരിപ്പിച്ചു.
സിറ്റി റോഡ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കേസുകള്‍ ഉണ്ടെന്ന് കളക്ടര്‍ സൂചിപ്പിച്ചു. കാലവിളംബമില്ലാതെ സ്ഥലമേറ്റെടുപ്പ് നടക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍ദ്ദേശിച്ചു. വൈകിയാല്‍ 7.41 കോടിയുടെ സിറ്റി റോഡ് പദ്ധതി തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതി വരുമെന്നും മന്ത്രി പറഞ്ഞു.

 

റവന്യു-ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഡോ.എ കൗശികന്‍, ജോയിന്റ് കമ്മിഷണര്‍ എ ഗീത, സര്‍വെ ഡയറക്ടര്‍ സീറാം സാംബശിവ റാവു, മറ്റു ഉദ്യോഗസ്ഥരും റവന്യു അസംബ്ലിയില്‍ പങ്കെടുത്തു. റവന്യു വകുപ്പിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റിലാണ് ജില്ലാ റവന്യു അസംബ്ലികള്‍ തുടരുന്നത്. നാളെ വൈകീട്ട് ആറ് മണിക്ക് ആലപ്പുഴ ജില്ലയുടെ അസംബ്ലി ആരംഭിക്കും.

 

date