Skip to main content

ബ്രെയിൽ സാക്ഷരതാ പദ്ധതി അവലോകനയോഗം ചേർന്നു.

 

കോട്ടയം : ജില്ലയിൽ കാഴ്ചാപരിമിതി നേരിടുന്നവർക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിന് ബ്രെയിൽ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു. 15 വയസ്സിനു മുകളിൽ പ്രായമുള്ള അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാത്ത കാഴ്ചാപരിമിതി നേരിടുന്നവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഉയർന്ന പ്രായ പരിധിയില്ല. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അധ്യാപക ഫോറവുമായി സഹകരിച്ച് സംസ്ഥാന സാക്ഷരത മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.

ബ്രെയിൽ ലിപിയിൽ പരിശീലനം നേടിയ അധ്യാപകർ ക്ലാസുകൾ നല്കും. പഠനനോപകരണങ്ങൾ സാക്ഷരതാ മിഷൻ നൽകും. പഠിതാക്കൾക്ക് നാലുമാസം (160 മണിക്കൂർ) പരിശീലനം നൽകും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് പഠന സൗകര്യം ഒരുക്കുന്നത്. 15 മുതൽ 20 വരെ പേർക്ക് ഒരു ക്ലാസ് എന്ന നിലയിലാണ് പഠന കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നത്. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേടും.

അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാതെ പോയതിന്റെ പേരിൽ കാഴ്ചപരിമിതർ നേരിടുന്ന സാമൂഹ്യ പിന്നാക്കവസ്ഥ പരിഹരിക്കുക, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ജില്ലയിൽ 192 പേർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ ജൂൺ 30നകം കോട്ടയം വയസ്‌കരകുന്നിലെ ജില്ലാ സാക്ഷരതാമിഷൻ ഓഫീസിലോ തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സാക്ഷരതാ പ്രേരക്മാർ മുഖേനയോ രജിസ്റ്റർ ചെയ്യണം. പദ്ധതി പ്രവർത്തനങ്ങൾ സംബന്ധിച്ച് ചേർന്ന

അവലോകന യോഗത്തിൽ സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം, മോണിറ്ററിംഗ് ചുമതലയുള്ള ജില്ലാ കോർഡിനേറ്റർ ദീപാ ജയിംസ്, അസിസ്റ്റൻഡ് കോർഡിനേറ്റർ ആർ. സിംല, താരതോമസ്, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ സെക്രട്ടറി ഇ.എ യൂസഫ്, പരിശീലകൻ കെ.കെ. സോമസുന്ദരൻ എന്നിവർ പങ്കെടുത്തു.

 

 

 

date