Skip to main content

ലഹരിയെ ചെറുക്കുന്നതിൽ മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം: മന്ത്രി എം ബി രാജേഷ്

പുനരധിവാസ, ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ച് ലഹരിക്കെതിരെയുള്ള ഊർജ്വസ്വലമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളമെന്ന് എക്‌സൈസ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ് എം വി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ലഹരി പ്രതിരോധത്തിൽ പൊതുജനങ്ങളെ കൂടി ബോധവൽക്കരിക്കുകയും ഭാഗമാക്കുകയും ചെയ്യുന്നു. ചെറുപ്പത്തിലേ പിടി കൂടുക എന്നതാണ് ലഹരി മാഫിയയുടെ രീതി. അതുകൊണ്ടു തന്നെ വിദ്യാർത്ഥികൾ വളരെ കരുതലോടെയും ജാഗ്രതയോടെയും ലഹരിയിൽ നിന്ന് അകലം പാലിക്കണം. മാനസികവും സാമൂഹികവുമായ കാരണങ്ങൾ കണ്ടെത്താനും പരിഹരിക്കുന്നതിനുമാണ് സംസ്ഥാന സർക്കാർ വിവിധ പദ്ധതികളിലൂടെ ശ്രമിക്കുന്നത്. ലഹരിയുടെ പിടിയിൽ പെട്ടാൽ തിരികെ നടക്കാനാവില്ല. തുടങ്ങിയാൽ നിയന്ത്രിക്കാനും നിർത്താനും കഴിയില്ല എന്നുള്ളത് അപകടകരമായ അവസ്ഥയിലേക്കെത്തിക്കും. വിവേചന ബുദ്ധിയില്ലാത്ത ലോകത്തിലേക്ക് നയിക്കുന്ന എല്ലാ ലഹരികളെയും ഒഴിവാക്കണം. യഥാർത്ഥ ലഹരിയായി യാത്ര, വായന, സംഗീതമടക്കമുള്ളവ മാറട്ടെയെന്നും മന്ത്രി പറഞ്ഞു.

ആന്റണിരാജു എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് സ്വാഗതമാശംസിച്ചു. ജോയിന്റ് എക്‌സൈസ് കമ്മീഷണർ വി രാജേന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് കുമാർ,  എസ് എം വി സ്‌കൂൾ പ്രിൻസിപ്പൽ കൽപ്പന ചന്ദ്രൻ,  റാണി വിദ്യാധര എന്നിവർ സംബന്ധിച്ചു. അസിസ്റ്റ്ന്റ് എക്‌സൈസ് കമ്മീഷണർ ഇൻ ചാർജ് എസ് കൃഷ്ണകുമാർ നന്ദി അറിയിച്ചു.

പി.എൻ.എക്സ്. 2531/2024

date