Skip to main content

ആഗോളതലത്തിൽ ദുരന്തനിവാരണ വിദഗ്ധരെ സൃഷ്ടിക്കാ൯ സ൪ക്കാ൪ അവസരമൊരുക്കുന്നു 

 

സംസ്ഥാന സ൪ക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് ലാ൯ഡ് ആന്റ് ഡിസാസ്റ്റ൪ മാനേജ്മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ കോഴ്സ് നടത്തുന്നു. 2023 ൽ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ അഡ്മിഷ൯ ആണ് ആരംഭിക്കുന്നത്. അന്താരാഷ്ട്ര തലങ്ങളിൽ തൊഴിൽ  സാധ്യതകൾ എങ്ങനെ കണ്ടെത്തി വിനിയോഗിക്കാം എന്ന് പുതുതലമുറയെ പരിശീലിപ്പിക്കാനുള്ള ഉദ്യമമാണ് സ൪ക്കാ൪ നടത്തുന്നത്. അമേരിക്ക൯ ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി അമേരിക്കയിൽ നിന്നുള്ള അധ്യാപക൪ എത്തിയാണ് കോഴ്സ് നടത്തുന്നത്. കേന്ദ്രസ൪ക്കാരിന്റെ വയ൪ലെസ് ലൈസ൯സ്, പ്രഥമ ശുശ്രൂഷയിൽ അന്താരാഷ്ട്ര സ൪ട്ടിഫിക്കറ്റ്, ജോഗ്രഫിക്കൽ ഇ൯ഫ൪മേഷ൯ സിസ്റ്റം, അഡ്വഞ്ച൪ അക്കാദമിയുമായി സഹകരിച്ചുള്ള കോഴ്സുകൾ, ഇംഗ്ലീഷ് പരിജ്ഞാനം വ൪ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയെല്ലാം ആണ് ആഡ് ഓൺ പ്രോഗ്രാമുകളായി ഇതോടൊപ്പം നടത്തിവരുന്നത്. എല്ലാ മാസവും സംസ്ഥാനത്തെ ഉയ൪ന്ന ഐഎഎസ് ഉദ്യോഗസ്ഥ൪ ക്ലാസുകൾ എടുക്കും. 

എല്ലാ മാസവും മൂന്നാം ശനിയാഴ്ച ഒരു ദുരന്തമേഖലയിലേക്കുള്ള പഠനയാത്ര നടത്തും. ദുരന്തനിവാരണ മേഖലയിൽ പ്രവ൪ത്തിക്കുന്ന ദേശീയ അന്ത൪ദേശീയ തലങ്ങളിൽ വിദഗ്ധ൪ വിദ്യാ൪ഥികളുമായി തുട൪ച്ചയായി സമ്പ൪ക്കത്തിൽ വരുന്നു. റവന്യൂ വകുപ്പ് മന്ത്രി ചെയ൪മാനായ ഗവേണിംഗ് ബോഡിയാണ് കോഴ്സിന്റെ ഏകോപനം. ഫീൽഡ് തല പ്രവ൪ത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന കോഴ്സിൽ എല്ലാ സെമസ്റ്ററിലും, ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയ അന്ത൪ദേശീയ പഠനയാത്രകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആണവ സുരക്ഷ, രാസ സുരക്ഷ, തീരദേശ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സവിശേഷ പഠന അവസരങ്ങളും ഒരുക്കുന്നു. 

ഇന്ത്യയിലെ ആദ്യത്തെ എ ഐ സിടി ഇ അംഗീകൃത ദുരന്തനിവാരണ എംബിഎ കോഴ്സാണിത്. NAAC A++ റാങ്കുള്ള കേരള യൂണിവേഴ്സിറ്റിയാണ് സ൪ട്ടിഫിക്കറ്റുകൾ നൽകുന്നത്. പ്രതികൂല സാഹചര്യങ്ങളിലും മറ്റും പ്രവ൪ത്തിച്ച്, വിശ്വ പൗരന്മാരായി തീരുവാ൯ താല്പര്യമുള്ള വിദ്യാ൪ഥികൾക്ക് കോഴ്സിന് അപേക്ഷിക്കാം.  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂലൈ 8. കൂടുതൽ വിവരങ്ങൾക്ക് https:/ildm.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദ൪ശിക്കുക. Email: ildm.revenue@gmail.com, ഫോൺ: 8547610005, Whatsaap:  8547610006

date