Skip to main content

സമ്പാദ്യ ശീലത്തിന് 'കരുതല്‍ 2024' പദ്ധതി

 

ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലും സമ്പാദ്യ ശീലം വളര്‍ത്തുന്നതിനും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനുമായി രൂപീകരിച്ച കരുതല്‍ 2024 പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. രാജ്യത്തെ എല്ലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമുള്ള ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് റിക്കറിംഗ് ഡെപ്പോസിറ്റായ കരുതല്‍ 2024 പദ്ധതി. പദ്ധതി വഴി വ്യക്തികള്‍ക്ക് സ്ഥിരമായി ഒരു നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുന്നതിനും മുന്‍കൂട്ടി നിശ്ചയിച്ച കാലയളവില്‍ മുതലും കൂട്ടു പലിശയും സഹിതം നേടുന്നതിനും സഹായിക്കുന്നു. ജില്ലാ ലീഡ് ബാങ്ക് ഓഫീസ് കല്‍പ്പറ്റയുടെ അഭിമുഖത്തില്‍ നടപ്പാക്കുന്നപദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് ജില്ലാ ബാങ്കിംഗ് അവലോകന യോഗത്തില്‍ നിര്‍വഹിച്ചു.

നിക്ഷേപങ്ങളുടെ സവിശേഷതകള്‍

സ്ഥിരവും നിശ്ചിതവുമായ തുകകള്‍ മാസം തോറും നിക്ഷേപിക്കുന്നതിലൂടെ  അച്ചടക്കമുള്ള സമ്പാദ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സമ്പാദ്യ  
ശീലം വളര്‍ത്തുന്നു. ഒറ്റത്തവണ തുക നിക്ഷേപിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇത് പ്രയോജനകരമാണ്. വിദ്യാഭ്യാസം, വിവാഹം, യാത്ര തുടങ്ങിയ ഭാവി സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറാന്‍ സഹായിക്കുന്നു. ഗ്യാരണ്ടീഡ് റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്നതും മാര്‍ക്കറ്റ് റിസ്‌കുകള്‍ക്ക് വിധേയമല്ലാത്തതുമായതിനാല്‍ സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു. ഇത് നഷ്ട സാധ്യത ഏറ്റടുക്കാന്‍  തയ്യാറല്ലാത്ത സാധാരണ നിക്ഷേപകര്‍ക്ക് അനുയോജ്യവുമാകുന്നു. നിക്ഷേപം അവസാനിപ്പിക്കാതെ തന്നെ അത്യാവശ്യത്തിനു പണം ലഭ്യമാക്കുന്നു. നിശ്ചിത പരിധിക്ക് താഴെയുള്ള പലിശയ്ക്ക് ടിഡിഎസ് ഇല്ല. ബാങ്കുകള്‍ ആര്‍ഡികള്‍ നിയന്ത്രിക്കുന്നതിന് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ നല്‍കുന്നു. കാലാവധിക്കു മുന്‍പ് പിന്‍വലിക്കാനുള്ള അവസരം നല്‍കുന്നു. ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളും കരുതല്‍ 2024 പദ്ധതിയുടെ ഭാഗമാകണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

date