Skip to main content

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'യേശുദാസ് സാഗരസംഗീതം' പുസ്തകപ്രകാശനം നാളെ  (ജൂലൈ 3)

ആറര പതിറ്റാണ്ടോളം മലയാളികളെയാകെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന സംഗീതലോകത്തെ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിനെ കുറിച്ച് ജി.ബി. ഹരീന്ദ്രനാഥ് സമ്പാദനവും പഠനവും നിർവഹിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'യേശുദാസ് സാഗരസംഗീതം' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നാളെ (ജൂലൈ 3ന് ബുധനാഴ്ച) വൈകിട്ട് 3.30ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ കൂത്തമ്പലത്തിൽ സാംസ്‌കാരികവകുപ്പു മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ചീഫ് വിപ്പ് എൻ. ജയരാജ്, കെ. ജയകുമാർ, കുമാരകേരളവർമ, സൂര്യ കൃഷ്ണമൂർത്തി, രാജശ്രീ വാര്യർ, ഡോ. അച്യുത് ശങ്കർ എസ്. നായർ, സാംസ്‌കാരികവകുപ്പു ഡയറക്ടർ മായ എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങും. ഡോ. അച്യുത് ശങ്കർ എസ്. നായർ പുസ്തകം പരിചയപ്പെടുത്തും.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിക്കും. വിൽപ്പനവിഭാഗം അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ സ്വാഗതവും പബ്ലിക്കേഷൻ വിഭാഗം അസി. ഡയറക്ടർ സുജ ചന്ദ്ര പി. നന്ദിയും പറയും. തുടർന്ന് യേശുദാസ് ആലപിച്ച ഗാനങ്ങൾ കോർത്തിണക്കിയ ഗാനാഞ്ജലി 'സാഗരസംഗീതം' അരങ്ങേറും. ഷിജു കോഴിക്കോട്, എം. രാധാകൃഷ്ണൻ, ബിജു എസ്., ഹരികൃഷ്ണൻ സഞ്ജയൻ, ഷിജേഷ് കോഴിക്കോട്, അർച്ചന ഗോപിനാഥ് തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും.

പി.എൻ.എക്സ്. 2637/2024

date