Skip to main content

തദ്ദേശവാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് ; വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും

മലപ്പുറം ജില്ലയിലെ  നാലു വാര്‍ഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍  അറിയിച്ചു. വിജ്ഞാപനം വ്യാഴാഴ്ച (ജൂലൈ നാലിന്) പുറപ്പെടുവിക്കും. മലപ്പുറം ജില്ലയില്‍ മലപ്പുറം മുനിസിപ്പാലിറ്റിയിലെ പൊടിയാട് (ജനറല്‍) , കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ കൂട്ടിലങ്ങാടി (സ്ത്രീ) , മുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളായിപ്പാടം (സ്ത്രീ), വട്ടകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാള്‍ ചുങ്കം (ജനറല്‍) എന്നീ തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദ്ദേശപത്രിക ജൂലൈ നാല് മുതല്‍ 11 വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും.    സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണല്‍ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും.
മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ (ജൂലൈ രണ്ട്) മുതല്‍ നിലവില്‍ വന്നു. ഗ്രാമപഞ്ചായത്തുകളില്‍ ആ പഞ്ചായത്ത് പ്രദേശം മുഴുവനും ,  മുനിസിപ്പാലിറ്റികളില്‍ അതത്  വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടര്‍പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് , താലൂക്ക് ഓഫീസുകളിലും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും ( sec.kerala.gov.in ) ലഭ്യമാണ്.

date