Skip to main content

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ ഈ മാസം തുടങ്ങും

സംസ്ഥാനത്തെ 1112 ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാഠപുസ്തക പരിഷ്‌കരണ നടപടികൾ ഈ മാസം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നിലവിൽ എൻ.സി.ഇ.ആർ.ടി. തയ്യാറാക്കിയതും കേരള എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയതുമായ പാഠപുസ്തകങ്ങളാണ് ഹയർ സെക്കൻഡറിയിൽ ഉപയോഗിക്കുന്നത്.

ഇതിൽ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ 2006 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം തയ്യാറാക്കിയതാണ്. 2013 ൽ എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ  പാഠപുസ്തകങ്ങളും നിലവിൽ ഉപയോഗിക്കുന്നു. ആദ്യഘട്ടം എസ്.സി.ഇ.ആർ.ടി. കേരളം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണമാണ് നടക്കുക (ഭാഷാ വിഷയങ്ങൾഗാന്ധിയൻ സ്റ്റഡീസ്ആന്ത്രോപോളജികമ്പ്യൂട്ടർ സയൻസ് തുടങ്ങിയവ). ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കാരങ്ങളുടെ തുടക്കം കുറിച്ച് ഈ മാസം തന്നെ വിപുലമായ  അക്കാദമിക ശിൽപശാല എസ്.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. സംസ്ഥാനത്ത് ഹയർ സെക്കൻഡറി അധ്യാപകർക്ക് മേജർ വിഷയങ്ങൾക്ക് നാല് ദിവസത്തെ പരിശീലനം പൂർത്തീകരിച്ചു കഴിഞ്ഞതായും മൈനർ വിഷയങ്ങളുടെ പരിശീലനം റസിഡൻഷ്യൽ രീതിയിൽ ഇന്നു മുതൽ മൂന്ന് ദിവസം വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഈ പരിശീലനം കൂടി അവസാനിച്ചാൽ ഈ വർഷം ഒന്നു മുതൽ 12-ാം ക്ലാസ്സ് വരെയുള്ള മുഴുവൻ അധ്യാപകർക്കും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിക്കഴിയും.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ അക്കാദമിക വർഷാരംഭത്തിൽ തന്നെ പരിശീലനങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

2024- 25 അധ്യയന വർഷം ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ ക്ലസ്റ്റർ അധ്യാപക പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എസ്.സി.ഇ.ആർ.ടിസമഗ്ര ശിക്ഷാ കേരളംഡയറ്റ് എന്നീ വിദ്യാഭ്യാസ ഏജൻസികളുടെ സംയോജിച്ച പ്രവർത്തനങ്ങളിലൂടെ  2024 ജൂൺ 29 ന് സംസ്ഥാനത്ത് സംഘടിപ്പിച്ചു.  വിവിധ ക്ലാസുകളിലെ വിവിധ വിഷയങ്ങളുടെ ക്ലസ്റ്റർ മൊഡ്യൂൾ തയ്യാറാക്കുന്നതിനായി  ഡയറ്റുകളുടെയും സമഗ്ര ശിക്ഷാ കേരളം ബി.ആർ.സികളുടേയും നേതൃത്വത്തിൽ വിദ്യാലയങ്ങൾ സന്ദർശിച്ച് അധ്യാപകർക്ക് അവധിക്കാല അധ്യാപക പരിശീലനത്തിൽ പരിചയപ്പെടുത്തിയ ക്ലാസ്‌റൂം പ്രവർത്തനങ്ങൾക്ക് അധിക പിന്തുണ ആവശ്യമായ മേഖലകൾ തിരിച്ചറിഞ്ഞ് ഉൾപ്പെടുത്തിയിരുന്നു. കൂടാതെ 2024 ദേശീയ തല സർവ്വേയിൽ (നാസ്) ഉൾപ്പെടുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്നതിനും ജൂലായ് മാസത്തിലെ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ ആസൂത്രണ സെഷനും ക്ലസ്റ്റർ അധ്യാപക പരിശീലന മൊഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്നു.

2024- 25 അധ്യയന വർഷം 5 ദിവസത്തെ  അവധിക്കാല അധ്യാപക പരിശീലനത്തെ തുടർന്ന് 6 ക്ലസ്റ്റർ അധ്യാപക സംഗമങ്ങളാണ് വിവിധ മേഖലകളെ അടിസ്ഥാനപ്പെടുത്തി അധ്യാപകരെ ശാക്തികരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇതിൻ പ്രകാരം 2024 ജൂലായ് 20 നാണ് രണ്ടാമത്തെ ക്ലസ്റ്റർ അധ്യാപക യോഗം നിശ്ചയിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളം - സ്റ്റാർസ് പദ്ധതി മുഖേന 2024- 25 വർഷത്തെ അവധിക്കാല അധ്യാപക സംഗമം സംഘടിപ്പിച്ചു. എൽ.പിയു.പിഹൈസ്‌കൂൾ വിഭാഗങ്ങളിലെ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കുമുള്ള പരിശീലനം 2024 മെയ് 14 മുതൽ മെയ് 25 വരെ തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് സംഘടിപ്പിച്ചത്.

പി.എൻ.എക്സ്. 2689/2024

date