Skip to main content

തിരുവാതിര ഞാറ്റുവേല - കാർഷികമേള സമാപനം ഇന്ന് (ജൂലൈ 04)

ഞാറ്റുവേലകളെ അടിസ്ഥാനമാക്കിയുള്ള കൃഷി സമ്പ്രദായത്തിന് ഊന്നൽ നൽകിക്കൊണ്ട് ജൂൺ 22 മുതൽ സംസ്ഥാനത്താകമാനം സംഘടിപ്പിക്കപ്പെട്ട ഞാറ്റുവേല ചന്തയും കർഷക സഭകളും പരിപാടിയുടെ സംസ്ഥാനതല സമാപനം ഇന്ന് (ജൂലൈ നാല്) നടക്കും. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ വൈകിട്ട് അഞ്ച് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് സംഘടിപ്പിച്ച കാർഷിക മേളയിലെ മികച്ച പ്രദർശന സ്റ്റാളുകൾക്കുള്ള അവാർഡ് വിതരണം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവ്വഹിക്കും. ഞാറ്റുവേല സമാപനത്തോടനുബന്ധിച്ച് ജൂലൈ ഒന്ന് മുതൽ നാല് വരെ നടന്നുവരുന്ന  കാർഷിക പ്രദർശന മേളയിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. ജില്ലയിലെ എല്ലാ കാർഷിക ബ്ലോക്കുകളിൽ നിന്നുമുള്ള കൃഷിക്കൂട്ടങ്ങൾ ഉൽപാദിപ്പിച്ച മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് പ്രദർശനമേളയിൽ ആവശ്യക്കാർ ഏറെയാണ്. ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ എത്തിച്ച് ജില്ലയിലെ കൃഷി ഫാമുകളുംനഴ്‌സറികളും മേളയിൽ പങ്കാളികളായി. കൃഷി വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളുംവിവിധ എഫ്.പി.ഒ കളുടെ ഉൽപ്പന്നങ്ങളുംവിഷരഹിത നാടൻ പച്ചക്കറികളുടെ സ്റ്റാളുകളും മേളയിലുണ്ട്. ആവശ്യക്കാർക്ക് ഇന്നു കൂടി പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നടന്നു വരുന്ന കാർഷിക പ്രദർശന മേള സന്ദർശിക്കാവുന്നതാണ്. സമാപന സമ്മേളനത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻശശി തരൂർ എം.പി.ഡെപ്യൂട്ടി മേയർ പി.കെ.രാജു, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 2712/2024

date