Skip to main content

ജില്ലയിലെ നഗരസഭകൾ സമ്പൂർണ്ണ ശുചിത്വത്തിലേക്ക്

 

ആലപ്പുഴ: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ നഗരസഭകളിൽ സമ്പൂർണ്ണ ശുചിത്വം കൈവരിക്കുന്നതിനുള്ള 2024- 25 കർമ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള ജില്ലാതല ശില്പശാല ജൂലൈ 4,5 തീയതികളിലായി മാരാരിക്കുളം നോർത്ത് ഗ്രാമപഞ്ചായത്തിൽ നടന്നു.ജില്ല ആസൂത്രണ സമിതി അദ്ധ്യക്ഷ കെ ജി രാജേശ്വരി ശില്പശാല ഉദ്ഘാടനം ചെയ്തു.തദ്ദേശ സ്വയംഭരണ വകുപ്പ്  ജോയിന്റ് ഡയറക്ടർ ബിനു ജോൺ,ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ കെ.ഇ വിനോദ് കുമാർ,മാലിന്യമുക്തം നവകേരളം ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.ജില്ലയിലെ ആറ് മുനിസിപ്പാലിറ്റികളുടെയും സെക്രട്ടറിമാരും ആരോഗ്യ വിഭാഗം ജീവനക്കാരും ശില്പശാലയിൽ പങ്കാളികളായി.ശില്പശാലയിൽ മുനിസിപ്പാലിറ്റികളുടെ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ കർമ്മപദ്ധതി തയ്യാറാക്കി.ഹരിത കർമ്മ സേനയുടെ സേവനം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറപ്പുവരുത്തുക,ഗാർഹികജൈവമാലിന്യ സംസ്‌കരണം സമ്പൂർണ്ണമായി നടപ്പിലാക്കുക,പൊതുവിടങ്ങളിൽ മാലിന്യ ശേഖരണത്തിനുള്ള ബിന്നുകൾ സ്ഥാപിക്കുകയും സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക, ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുക, പൊതു വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മാലിന്യ സംസ്‌കരണ വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കർമ്മപദ്ധതി മുന്നോട്ട് വച്ചു.2025 ന് മാർച്ച് 31 നകം ജില്ലയിലെ മുഴുവൻ മുൻസിപ്പാലിറ്റികളെയും സമ്പൂർണ്ണ മാലിന്യ മുക്ത കേന്ദ്രങ്ങൾ ആക്കി മാറ്റുക എന്ന ലക്ഷ്യം കർമ്മ പരിപാടി ലക്ഷ്യംവയ്ക്കുന്നു.

date