Skip to main content

മലപ്പുറം ബ്ലോക്കില്‍ കുടുംബശ്രീ ഹോം ഷോപ്പിന് തുടക്കം

ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ മുഖേന ഉത്പാദിപ്പിക്കുകയും വീടുകളിലെത്തിച്ച് വിപണനം നടത്തുകയും ചെയ്യുന്ന ഹോം ഷോപ്പ് പദ്ധതിക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലും തുടക്കമായി. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഈ വര്‍ഷം തന്നെ ഹോം ഷോപ്പ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മലപ്പുറം ബ്ലോക്കിലും ഹോം ഷോപ്പ് ആരംഭിച്ചത്. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ, ഭക്ഷ്യേതര നിത്യോപയോഗ വസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും, ഉൽപ്പന്നങ്ങളുടെ ബ്രാന്റിങ്, പാക്കിങ് എന്നിവ മെച്ചപ്പെടുത്തുന്നതിനും, ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും വിപണി കണ്ടെത്തുന്നതിനും ഈ പദ്ധതി വഴി സാധിക്കും.
പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം എം.എസ്.എം ഓഡിറ്റോറിയത്തില്‍ പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ എ.ഡി.എം.സി മുഹമ്മദ് കട്ടുപ്പാറ പദ്ധതി വിശദീകരണം നടത്തി. എച്ച്.എസ്.ഒമാര്‍ക്കുള്ള പിന്തുണ സഹായ വിതരണം മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി എന്നിവര്‍ നിര്‍വഹിച്ചു. മലപ്പുറം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കൊന്നോല ഫൗസിയ കുഞ്ഞിപ്പു , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റാബിയ ചോലക്കൽ (കോഡൂർ), കടമ്പോട്ട് മൂസ (ഒതുക്കുങ്ങൽ), അടാട്ട് ചന്ദ്രൻ (ആനക്കയം), മുഹമ്മദ് ഇസ്‌മായിൽ (പൂക്കോട്ടൂർ), സുനീറ പൊറ്റമ്മൽ (മൊറയൂർ), ജസീന മജീദ് (പൊന്മള) തുടങ്ങിയവര്‍ പ്രസംഗിച്ചു. മലപ്പുറം ബി.ഡി.ഒ കെ.എം സുജാത സ്വഗതവും കുടുബശ്രീ ഡി.പി.എം പി. റെനീഷ് നന്ദിയും പറഞ്ഞു.

date