Skip to main content

പാഠ്യപദ്ധതി പരിഷ്‌കരണം സർക്കാർ നേട്ടത്തിന്റെ പൊൻതൂവൽ- മന്ത്രി വി. ശിവൻകുട്ടി

 

ആലപ്പുഴ: പത്ത് വർഷത്തിനു ശേഷം സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ ആരംഭിച്ചത് സംസ്ഥാന സർക്കാരിന്റെ നേട്ടത്തിന്റെ പൊൻതൂവലാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 
പ്രീ പ്രൈമറി തലം മുതൽ ഹയർസക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസം കാലോചിതമായി പരിഷ്‌കരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കായംകുളം പെരിങ്ങാല ഗവൺമെൻറ് എൽ.പി. സ്കൂളിൽ പുതുതായി നിർമ്മിച്ച മാതൃക പ്രീ പ്രൈമറി (വർണകൂടാരം) ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. പി.ടി.എ.യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച ഓപ്പൺ ഓഡിറ്റോറിയവും മന്ത്രി ഉദ്ഘാടനം ചെയ്തു. 

പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം, അധ്യാപക 
വിദ്യാഭ്യാസം മേഖലകളിൽ ചട്ടക്കൂട് വികസിപ്പിച്ചു. പരിഷ്‌കരണത്തിന്റെ ഭാഗമായി ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങൾ നിലവിൽ കുട്ടികൾ വിദ്യാലയങ്ങളിൽ പഠിക്കുകയാണ്. 
കൃത്യസമയത്ത് പാഠപുസ്തകങ്ങൾ  എത്തിക്കാൻ കഴിഞ്ഞു. 
ഭരണഘടനാമൂല്യങ്ങൾ - ആമുഖം ഉൾപ്പെടെ, ലിംഗനീതി, മാലിന്യ നിർമാർജ്ജനം, ട്രാഫിക് ബോധവത്കരണം, പോക്സോ നിയമങ്ങൾ, തൊഴിൽ വിദ്യാഭ്യാസം, 
കലാവിദ്യാഭ്യാസം തുടങ്ങി സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ പാഠപുസ്തകങ്ങൾ നിർമ്മിച്ചിട്ടുള്ളത്. 

ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽ പറത്തി, രാജ്യത്തിന്റെ ചരിത്രം വളച്ചൊടിച്ച് പ്രധാനപ്പെട്ട ചരിത്ര യാഥാർത്ഥ്യങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി, പരിണാമസിദ്ധാന്തം തിരസ്‌കരിച്ച് ശാസ്ത്രീയ ചിന്തയെ വെല്ലുവിളിക്കുന്ന ഭരണകൂടം ദേശീയ 
തലത്തിൽ നിലനിൽക്കുമ്പോഴാണ് കേരളം വഴികാട്ടിയായത്. 
കേന്ദ്രസർക്കാർ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ അജണ്ടയ്ക്ക് ബദൽ നയം രൂപപ്പെടുത്തിയ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് കേരളമുണ്ട്. ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, സോഷ്യോളജി തുടങ്ങിയ പുസ്തകങ്ങൾക്ക് അഡീഷണൽ പാഠപുസ്തകങ്ങൾ ഇറക്കി ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച സംസ്ഥാനവുമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.

രണ്ട്, നാല്, ആറ്, എട്ട്, പത്ത്  ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ അടുത്ത മെയ്യിൽ തന്നെ വിതരണം ചെയ്യും. വർഷങ്ങളായി പരിഷ്‌കരിക്കാതെ നിൽക്കുന്ന പതിനൊന്ന്, പന്ത്രണ്ട്  ക്ലാസുകളിലെ പാഠ്യപദ്ധതിയും പരിഷ്‌കരിക്കും. എല്ലാ അധ്യാപകർക്കും പഠനസഹായായി ടീച്ചർ ടെക്സ്റ്റ് നൽകും. ചരിത്രത്തിൽ ആദ്യമായി രക്ഷിതാക്കൾക്കായുള്ള പുസ്തകങ്ങളും ഈ വർഷം തന്നെ നൽകാനാകുമെന്നും മന്ത്രി പറഞ്ഞു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി എസ്.എസ്.എൽ.സി.ക്ക് പ്രത്യേക 
പരീക്ഷ നടത്തുന്ന കാര്യം സർക്കാർ പരിഗണനയിയാണ്. ഈ വർഷം ഈ മേഖലയിൽ 121.4 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കും. 

ഭിന്നശേഷി കുട്ടികൾക്കായുള്ള കലോത്സവങ്ങൾക്കൊപ്പം അവർക്കുള്ള കായികമേളയും സംഘടിപ്പിക്കുന്നതിന് ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ വകുപ്പ് തയ്യാറാക്കി കഴിഞ്ഞു.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം മുഴുവൻ അധ്യാപകർക്കും നിർമ്മിതബുദ്ധി എങ്ങനെ ക്ലാസ് മുറിയിൽ ഉപയോഗപ്പെടുത്തണം എന്ന 
പരിശീലനം നൽകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും അതിന്റെ അനുബന്ധ സാങ്കേതിക വിദ്യകളും അധ്യാപകർക്കും  കുട്ടികൾക്കും പരിചിതമാക്കുന്നതിനും പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. പുതുതായി സർവ്വീസിൽ പ്രവേശിക്കുന്ന മുഴുവൻ അധ്യാപകർക്കും ഒരാഴ്ച നീണ്ടുനിൽക്കുന്ന റസിഡൻഷ്യൽ പരിശീലനം സംഘടിപ്പിച്ചുവരികയാണ്. 
വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ഹയർസെക്കൻഡറി തലത്തിലെ പരിശീലന പരിപാടികൾ ഈ വർഷം മുതൽ ആരംഭിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. 

ചടങ്ങിൽ യു പ്രതിഭ എം.എൽ.എ. അധ്യക്ഷയായി. വാർഡ് കൗൺസിലർ രേഖാ മുരളീധരൻ, കായംകുളം എ. സിന്ധു, ഹെഡ്മിസ്ട്രസ് എസ്. ആർ. ജയന്തി, കായംകുളം ബിപിസി ദീപ, എസ്.എം.സി. ഭാരവാഹികളായ പൂജ വേണുഗോപാൽ, ശൈലേഷ് തുടങ്ങിയവർ സംസാരിച്ചു.

date