Skip to main content

പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റതാക്കുന്നതിൽ കേരളം മാതൃക-മന്ത്രി ശിവൻകുട്ടി

 

-സ്‌കൂൾ ഇടവേളകളിൽ വ്യായാമം ഉറപ്പാക്കാൻ ഫിറ്റനെസ് ബെൽ സംവിധാനം ഏർപ്പെടുത്തും

ആലപ്പുഴ: വിദ്യാഭ്യാസ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ എല്ലാ കണക്കെടുപ്പിലും കേരളം പ്രഥമ ശ്രേണിയിലാണെന്നും  പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ദേശീയ തലത്തിൽ നീറ്റും, നെറ്റും പരീക്ഷകൾ എല്ലാം തന്നെ തകിടം മറിച്ച് വിദ്യാർത്ഥികളെ കണ്ണീരു കുടിപ്പിക്കുന്ന സാഹചര്യമുള്ളപ്പോളാണ് കേരളം പരീക്ഷാ നടത്തിപ്പിൽ മാതൃകയാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  നീർക്കുന്നം എസ്.ഡി.വി. ഗവൺമെന്റ് യു.പി. സ്‌കൂളിലെ പുതിയ സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി. കഴിഞ്ഞ എട്ടുവർഷംകൊണ്ട് 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ആണ് പൊതു വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പി.എസ്.സി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട പന്ത്രണ്ടായിരത്തി ഒരുന്നൂറ്റി നാൽപത്തി നാല് അധ്യാപക ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകി. എയിഡഡ് മേഖലയിലെ നിയമന അംഗീകാരം നൽകിയതും അടക്കം മുപ്പതിനായിരത്തി അഞ്ഞൂറ്റി അറുപത്തി നാല് (30,564) നിയമനങ്ങൾ നടത്തിയിട്ടുണ്ട്. 
സ്‌കൂൾ കായികരംഗത്ത് സമഗ്ര പരിഷ്‌കരണം ലക്ഷ്യം വെയ്ക്കുകയാണ്. സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപിക്സ് മാതൃകയിൽ ഉയർത്തിക്കൊണ്ടു വരാനുള്ള പദ്ധതി നമ്മൾ നടപ്പാക്കുകയാണ്. പ്രൈമറി വിഭാഗം കുട്ടികളുടെ സമഗ്ര കായിക വികസനത്തിന് ഹെൽത്തി കിഡ്സ് പദ്ധതി നടപ്പിലാക്കുന്നതായും മന്ത്രി പറഞ്ഞു.  സ്‌കൂൾ പഠനസമയത്ത് ചെയ്യാൻ കഴിയുന്ന പത്ത് മിനിട്ട് വീതം ദൈർഘ്യമുള്ള വ്യായാമ പരിപാടിയിൽ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കാൻ ഫിറ്റ്നസ് ബെൽ സംവിധാനം കൊണ്ടു വരാൻ ആലോചിക്കുന്നു-മന്ത്രി പറഞ്ഞു. 

മുൻമന്ത്രി ജി. സുധാകരന്റെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്‌കൂൾ കെട്ടിടത്തിൽ പുതുതായി ആറ് ക്ലാസ് മുറികളാണ് ഉദ്ഘാടനം ചെയ്തത്.  എച്ച്.സലാം എം.എൽ.എ രചിച്ച് രാജു പനയ്ക്കൽ സംഗീത സംവിധാനം നിർവഹിച്ച് അധ്യാപകർ പാടിയ നൃത്താവിഷ്‌കാരത്തോടെയാണ്  ചടങ്ങ് ആരംഭിച്ചത്. 

 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ്് എസ്. ഹാരിസ്, വൈസ് പ്രസിഡന്റ് പി.എം. ദീപ, ജില്ല പഞ്ചായത്തംഗം പി. അഞ്ചു, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വി. ധ്യാനസുതൻ, പ്രജിത്ത് കാരിക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്ത്, പഞ്ചായത്തംഗം സുനിതാ പ്രദീപ്, സ്‌കൂൾ എച്ച്.എം. എ. നദീറ, ആലപ്പുഴ ഡി.ഡി.ഇ. ഇ.എസ്. ശ്രീലത, ആലപ്പുഴ ഡി.ഇ.ഒ. എൽ. പവിഴകുമാരി, വിദ്യാകിരണം കോർഡിനേറ്റർ എ.ജെ. ജയകൃഷ്ണൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്‌ററന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എ.നിഹാൽ, സീന മനോജ് എന്നിവർ സംസാരിച്ചു.

date