Skip to main content

നിപ: ആനക്കയത്തും പാണ്ടിക്കാട്ടും രണ്ടു വാർഡുകളിൽ മാത്രം പ്രത്യേക നിയന്ത്രണം; മറ്റു വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്

ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലെ രണ്ടു വാർഡുകൾ ഒഴികെയുള്ള  മറ്റു വാർഡുകളിൽ  നിപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ജില്ലാ കളക്ടർ വി ആർ വിനോദ്  ഉത്തരവ് പുറപ്പെടുവിച്ചു. നിപ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  ഈ ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണമാണ് ഒഴിവാക്കിയത്. ആനക്കയം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവ ഒഴികെയുള്ള വാർഡുകളിൽ ആണ് പ്രത്യേക നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. ഈ രണ്ടു വാർഡുകളിലും നിലവിലുള്ള  പ്രത്യേക നിയന്ത്രണങ്ങൾ തുടരും. 

 

ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള  പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക എന്നീ നിയന്ത്രണങ്ങൾ ഇനിയും തുടരും. 

 

നിലവിൽ ഐസലേഷൻ/നിരീക്ഷണത്തിൽ ആയിരിക്കുന്ന എല്ലാവരും നിർബന്ധമായും 21 ദിവസം ഐസലേഷനിൽ തുടരണം. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം മാത്രമേ ഐസലേഷൻ അവസാനിപ്പിക്കാവൂ. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

date