Skip to main content

ജില്ലാ വികസന സമിതി യോഗം ചേർന്നു

ജില്ലയിലെ വിവിധ വികസന പദ്ധതികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ ജില്ലാ വികസന സമിതി യോഗം ചേർന്നു. ജില്ലാ വികസന സമിതിയിൽ ഉന്നയിക്കപ്പെടുന്ന വിഷയങ്ങൾ ഗൗരവത്തോടെ ഉദ്യോഗസ്ഥർ കാണണമെന്നും തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. എം.എൽ.എമാരായ ജി.സ്റ്റീഫൻ, സി.കെ ഹരീന്ദ്രൻ, വി.കെ പ്രശാന്ത്, കെ.ആൻസലൻ, എം.വിൻസെന്റ് എന്നിവർ പങ്കെടുത്തു.  

അരുവിക്കര മണ്ഡലത്തിൽ കോവിഡ് കാലത്ത് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനസ്ഥാപിക്കണമെന്ന് ജി.സ്റ്റീഫൻ എം.എൽ.എ ആവശ്യപ്പെട്ടു. അരുവിക്കര ഡാം-കാപ്പാട് ആന പുനരധിവാസ കേന്ദ്രം-നെയ്യാർ ഡാം-ബോണക്കാട് -പൊന്മുടി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പിക്കുന്ന അരുവിക്കര ടൂറിസം ഇടനാഴി പദ്ധതിയിൽ പദ്ധതിരൂപരേഖ തയാറാക്കുന്നതിന് പുതിയ ഏജൻസിയെ ചുമതപ്പെടുത്തി , പ്രവർത്തനങ്ങൾ തുടങ്ങണമെന്നും എം.എൽ.എ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ബോണക്കാട് ലയം പുനരുദ്ധാരണം, ചികിത്സാ സൗകര്യത്തിനായി ബോണക്കാട് മേഖലയിൽ സബ്‌സെന്റർ, പൊന്മുടി റോഡ് നവീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളും ജില്ലാ വികസന സമിതി യോഗത്തിൽ ചർച്ചയായി.

പാറശാല നിയോജക മണ്ഡലത്തിലെ കൊല്ലയിൽ, കിഴക്കൻമല സമ്പൂർണ കുടിവെള്ള പദ്ധതി പുരോഗതി സി.കെ ഹരീന്ദ്രൻ എം.എൽ.എ യോഗത്തിൽ ആരാഞ്ഞു. ജലജീവൻമിഷൻ പദ്ധതികളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട പ്രവർത്തികൾ ത്വരിതപ്പെടുത്തണം. അമ്പൂരി ഗ്രാമപഞ്ചായത്ത് ടൂറിസം ഡെസ്റ്റിനേഷൻ, നെയ്യാർ ഡാം ടൂറിസം വികസനം, അമരവിള-ഒറ്റശേഖരമംഗലം റോഡ് വികസനം എന്നിവയുടെ പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു.

നഗരപ്രദേശങ്ങളിലെ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കണമെന്ന് വി.കെ പ്രശാന്ത് എം.എൽ.എ ആവശ്യപ്പെട്ടു. വീഴ്ച വരുത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോട് പറഞ്ഞു. പേരൂർക്കട,കാച്ചാണി സ്‌കൂളുകളുടെ പ്രവർത്തന പുരോഗതിയും ശാസ്തമംഗലം-പേരൂർക്കട റോഡ് നിർമാണ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. കുടപ്പനക്കുന്ന് ഭാഗത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് പേരൂർക്കടയിൽ സബ് സ്റ്റേഷൻ നിർമിക്കുന്നതിനായി സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. പേരൂർക്കട ആശുപത്രി വികസനം, വട്ടിയൂർക്കാവ് ജംങ്ഷൻ വികസനം എന്നിവയും യോഗത്തിൽ എം.എൽ.എ ഉന്നയിച്ചു.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിൽ രാത്രികാലങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന്‌കെ.ആൻസലൻ എം.എൽ.എ നിർദേശിച്ചു. അതിയന്നൂർ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തികരണവും കാരോട് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പുരോഗതിയും ജില്ലാ വികസന സമിതിയിൽ എം.എൽ.എ ഉന്നയിച്ചു.  ഈരാറ്റിൻപുറം ടൂറിസം പദ്ധതി ഒന്നാംഘട്ടം പൂർത്തിയായതായും രണ്ടാംഘട്ടത്തിലെ പദ്ധതികളുടെ പ്രൊപ്പോസൽ സമർപ്പിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

ബാലരാമപുരം-ഉച്ചക്കട റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള നടപടികൾ എം.വിൻസെന്റ് എം.എൽ.എ യോഗത്തിൽ ഉന്നയിച്ചു. വിഴിഞ്ഞം-കാട്ടാക്കടറോഡ് നവീകരണം, വെള്ളായണി കായൽ പുനരുജ്ജീവന പദ്ധതിയുടെ പുരോഗതി, കാക്കാമൂല പാലം നിർമാണത്തിന്റെ തുടർ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ, ജില്ലാ പ്ലാനിങ് ഓഫീസർ വി. എസ് ബിജു, എം.പിമാരുടെയും, എം.എൽ.എമാരുടെയും പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

date