Skip to main content

ജലജീവൻ പ്രവർത്തികൾ വേഗത്തിലാക്കണം: ജില്ലാ വികസനസമിതിയോഗം

കോട്ടയം: ജലജീവൻ മിഷൻ നിർമാണപ്രവർത്തികൾ വേഗത്തിലാക്കണമെന്നും വൈകുന്നതുമൂലം റോഡുനവീകരണപ്രവർത്തനങ്ങൾക്കുള്ള ഭരണാനുമതി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നുംജില്ലാ വികസനസമിതി യോഗത്തിൽ ജനപ്രതിനിധികൾ. ജലജീവൻ മിഷൻ കരാറുകാരും വാട്ടർ അതോറിട്ടിയുമായും ബന്ധപ്പെട്ട് ജില്ലാ കളക്ടർ ചർച്ച നടത്തണമെന്നും ജില്ലാ വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ(ഡി.ഡബ്‌ള്യൂ.എസ്.എം.) യോഗം ചേർന്നു പുരോഗതി വിലയിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിലാണ് ജില്ലാ വികസനസമിതി യോഗം ചേർന്നത്. ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റ ശേഷമുള്ള ആദ്യ ജില്ലാ വികസനസമിതി യോഗമായിരുന്നു നടന്നത്.
കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ടു കെ.എസ്.ഇ.ബി. ട്രാൻസ്‌ഫോർമർ മാറ്റം പൂർത്തിയാക്കിയെന്നും ഭൂഗർഭകേബിളുകൾ പത്തുദിവസത്തിനുള്ളിൽ മാറ്റുന്നത് പൂർത്തിയാക്കുമെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനെ കെ.എസ്.ഇ.ബി. അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ അത്തരത്തിലുള്ള ക്വാറികളുടെ കണക്കെടുപ്പു നടത്താൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനു നിർദേശം നൽകി. ഫുട്പാത്തുകൾ കൈയേറി അനധികൃത കച്ചവടം നടത്തുന്നവർക്കെതിരേ നടപടികൾ ശക്തമാക്കാനും ബോർഡുകൾ സ്ഥാപിക്കാനും പൊതുമരാമത്തു വകുപ്പിന് ജില്ലാ വികസനസമിതിയോഗം നിർദേശം നൽകി.
ദേശീയപാത 183ന്റെ ഭാഗമായുള്ള കോട്ടയം-മുണ്ടക്കയം ഭാഗം നാലുവരി പാതയാക്കുന്നതിനുള്ള ഡി.പി.ആർ. തയാറാക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഡോ. എൻ. ജയരാജിനെ ദേശീയപാതാ വിഭാഗം അറിയിച്ചു. റോഡിന് ഡി.പി.ആർ. തയാറാക്കും മുമ്പ് ജനപ്രതിധികളുടെ അഭിപ്രായം കൂടി പരിഗണിക്കാൻ കൺസൾട്ടൻസിക്ക് നിർദേശം നൽകണമെന്ന് ചീഫ് വിപ്പ് ആവശ്യപ്പെട്ടു.
നിരീക്ഷണക്യാമറകൾ വച്ചതോടെ ചങ്ങനാശേരി നഗരത്തിൽ  പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിൽ കാര്യമായ കുറവുവന്നിട്ടുണ്ടെന്നും ളായിക്കാട് ബൈപ്പാസിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ആവശ്യമെങ്കിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കണമെന്നും ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു. ഫാത്തിമാപുരം ഡംപ് യാർഡിലെ മാലിന്യനീക്കം വേഗത്തിലാക്കണമെന്ന് ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. മഴ മാറിയാലുടൻ മാലിന്യനീക്കം വേഗത്തിലാക്കുമെന്ന് ചങ്ങനാശേരി നഗരസഭയും ശുചിത്വമിഷനും അറിയിച്ചു.  വാഴപ്പള്ളി സ്‌കൂളിനു മുന്നിലെ റോഡിലെ കുഴികൾ അടച്ചുവെന്നും ഓടകൾ വൃത്തിയാക്കിയശേഷം ചങ്ങനാശേരി നഗരത്തിലെ ഫുട്പാത്തിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിക്കുമെന്നും ദേശീയ പാത വിഭാഗം ജോബ് മൈക്കിൾ എം.എൽ.എയെ അറിയിച്ചു. പായിപ്പാട് കൊച്ചുപ്പള്ളിയിൽ ജലഅതോറിട്ടിയുടെ വാട്ടർടാങ്ക് ചോരുന്നത് അപകടഭീഷണി സൃഷ്ടിക്കുന്നെണ്ടെന്നും അടിയന്തര ഇടപെടൽ വേണമെന്നും എം.എൽ.എ. ചൂണ്ടിക്കാട്ടി.  
ചെമ്മനത്തുകര ഐ.എച്ച്.ഡി.പി. നഗർ നിവാസികൾക്കു പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഓഗസ്റ്റിൽ പൂർത്തിയാക്കണമെന്നു സി.കെ. ആശ എം.എൽ.എ. ആവശ്യപ്പെട്ടു.  വൈക്കം കാട്ടിക്കുന്ന് തുരുത്ത്് പാലം പൂർത്തിയായെങ്കിലും സ്ഥലമേറ്റെടുത്ത് നഷ്ടപരിഹാരം നൽകുന്ന നടപടികൾക്കു വേഗതപോരെന്ന് സി.കെ. ആശ എം.എൽ.എ. ചൂണ്ടിക്കാട്ടിയിരുന്നു. പഴയ സർവേരേഖകൾ പ്രകാരം സർവേ നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടതുപ്രകാരമുള്ള നടപടികൾ ആരംഭിച്ചതായി സർവേ വകുപ്പ് അറിയിച്ചു. ചേരിച്ചോട് റോഡിലും കല്ലറ റോഡിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ടെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സി.കെ. ആശ എം.എൽ.എ. പറഞ്ഞു. നേരെകടവ് ഹരിജൻ വെൽഫയർ എൽ.പി. സ്‌കൂളിന് ടോയ്‌ലറ്റ് ബ്‌ളോക്ക് സ്വച്്ഛ് ഭാരത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാമെന്ന് ജില്ലാ ശുചിത്വ മിഷൻ എം.എൽ.എയെ അറിയിച്ചു.
എരുമേലി തെക്ക് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനായി ഹൈക്കോടതി സ്‌റ്റേ എത്രയും പെട്ടെന്ന് നീക്കണമെന്ന് അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. ആവശ്യപ്പെട്ടു. ദേവസ്വം ഭൂമിയാണെന്നു സ്വകാര്യവ്യക്തി നൽകിയ ഹർജി തെറ്റാണെന്നു തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം കാര്യവിവരപട്ടിക സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. പമ്പാവാലി പട്ടയവിതരണം പൂർത്തികരിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. ആവശ്യപ്പെട്ടു.  മുണ്ടക്കയം പുത്തൻചന്ത സ്‌റ്റേഡിയം നവീകരണത്തിന് കായികവകുപ്പിൽ നിന്ന് ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സ്‌റ്റേഡിയത്തിൽ കൂട്ടിയിട്ടിരിക്കുന്ന മണൽ ഉടൻ തന്നെ നീക്കം ചെയ്യണമെന്നും എം.എൽ.എ. യോഗത്തിൽ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത്, പ്ലാനിങ് ഓഫീസർ ലിറ്റി മാത്യൂ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date