അഭിമാനവും ആവേശവുമുയർത്തി 78 ാം സ്വാതന്ത്ര്യദിനാഘോഷം
അപ്രതീക്ഷിതമായെത്തിയ കനത്തമഴയെ അവഗണിച്ച് സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ആവേശവും വാനോളമുയർത്തി സായുധസേനകളും സായുധേതര വിഭാഗങ്ങളും താളബദ്ധമായ ചുവടുകളോടെ പരേഡിന് അണിനിരന്നപ്പോൾ 78ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢോജ്ജ്വലമായി. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. പരേഡിൽ സായുധസേനാ വിഭാഗങ്ങളും സായുധേതര വിഭാഗങ്ങളുമടക്കം 29 പ്ലറ്റൂണുകൾ അണിനിരന്നു.
പാലക്കാട് എ.എസ്.പി അശ്വതി ജിജി സ്വാതന്ത്ര്യദിന പരേഡ് കമാൻഡറായി. മുട്ടികുളങ്ങര കെഎപി ബറ്റാലിയൻ രണ്ടിന്റെ അസി. കമാൻഡന്റ് പ്രമോദ് വി സെക്കൻഡ് ഇൻ കമാൻഡായി. ബാൻഡ് വിഭാഗങ്ങൾ അടക്കം 29 പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. ഇതിൽ 15 പ്ലറ്റൂണുകൾ സായുധ സേനകളും 11 പ്ലറ്റൂണുകൾ സായുധേതര വിഭാഗങ്ങളുമായിരുന്നു.
മലബാർ സ്‌പെഷ്യൽ പൊലീസ്, സ്‌പെഷ്യൽ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് ബറ്റാലിയൻ 1,2, 3, 4, 5, കേരള സായുധ വനിത പൊലീസ് ബറ്റാലിയൻ, ഇൻഡ്യ റിസർവ് ബറ്റാലിയൻ, തമിഴ്നാട് സംസ്ഥാന പൊലീസ്, റാപിഡ് റെസ്‌പോൺസ് ആന്റ് റെസ്‌ക്യൂ ഫോഴ്സ്, തിരുവനന്തപുരം സിറ്റി പൊലീസ്, ജയിൽ, എക്സൈസ്, വനം, ഫയർ ആന്റ് റെസ്ക്യു, മോട്ടോർ വെഹിക്കിൾ വകുപ്പുകൾ എന്നിവയും സൈനിക് സ്കൂൾ, എൻസിസി സീനിയർ ഡിവിഷൻ ആർമി ആൺ, പെൺ വിഭാഗങ്ങൾ, എൻസിസി സീനിയർ ഡിവിഷൻ നേവൽ വിഭാഗം, എൻസിസി ജൂനിയർ എയർ വിഭാഗം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ആൺ പെൺ വിഭാഗങ്ങൾ, ഭാരത് സ്കൗട്ട്സ്, ഗൈഡ്സ്, തിരുവനന്തപുരം സിറ്റി പൊലീസ് അശ്വാരൂഢ സേന എന്നീ പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ് എന്നിവ പരേഡിന് താളമേകി.
രാവിലെ 8.59 ന് എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി ഡോ. വി വേണുവും സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബും ചേർന്ന് സ്വീകരിച്ചു. ദേശീയ പതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി അഭിവാദനം സ്വീകരിച്ചു. പതാക ഉയർത്തിയ ഉടനേ ചേതക് ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടി നടന്നു. തുടർന്ന് പരേഡ് കമാൻഡർക്കൊപ്പം മുഖ്യമന്ത്രി പരേഡ് പരിശോധിച്ചു. ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലുകൾ, രാഷ്ട്രപതിയുടെ കറക്ഷണൽ സർവീസ് മെഡലുകൾ എന്നിവയ്ക്ക് അർഹരായവർക്കും ഉത്തംജീവൻ രക്ഷാപതക്, ജീവൻരക്ഷാപതക് എന്നിവ നേടിയവർക്കും മുഖ്യമന്ത്രി മെഡലുകൾ സമ്മാനിച്ചു. സ്വാതന്ത്ര്യദിന പരേഡിൽ മികവുകാട്ടിയ പ്ലറ്റൂണുകൾക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. തുടർന്നു ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി ആർ അനിൽ, എ എ റഹീം എംപി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, സി. കെ ഹരീന്ദ്രൻ, ജി സ്റ്റീഫൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സാഹെബ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ കാണാനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളുമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരെത്തിയിരുന്നു.
പി.എൻ.എക്‌സ്. 3607/2024
- Log in to post comments