പരീക്ഷിത്ത് തമ്പുരാ൯ പുരസ്കാരം ഡോ. ധർമ്മരാജ് അടാട്ടിന് സമ൪പ്പിച്ചു
തെറ്റായ ചരിത്രം പഠിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരേ അക്കാദമിക് സമൂഹം നിലപാടെടുക്കണം: മന്ത്രി സജി ചെറിയാൻ
സാംസ്കാരിക വകുപ്പിനു കീഴിലുള്ള തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ ഈവർഷത്തെ രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ പുരസ്കാരം ഹിൽപ്പാലസ് പുരാവസ്തു മ്യൂസിയം ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ പ്രമുഖ സാഹിത്യ- ഭാഷാ പണ്ഡിതനായ ഡോ. ധർമ്മരാജ് അടാട്ടിനു സമ്മാനിച്ചു.
പൈതൃക പഠന കേന്ദ്രം ഡയറക്ടർ ജനറൽ ഡോ. എം. ആർ. രാഘവവാരിയർ രചിച്ച്, പൈതൃകപഠന കേന്ദ്രം പ്രസിദ്ധീകരിക്കുന്ന മലബാറിന്റെ രേഖാപൈതൃകം എന്ന പുസ്തകത്തിന്റെ ആദ്യപ്രതി അനൂപ് ജേക്കബ് എംഎൽഎയ്ക്കു നൽകി മന്ത്രി പ്രകാശനം ചെയ്തു.
വസ്തുനിഷ്ഠവും പക്ഷപാതമില്ലാത്തതുമായ ചരിത്രമാണ് വിദ്യാർഥികൾ പഠിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ വക്രീകരിക്കപ്പെട്ട ചരിത്രം പഠിക്കാൻ സർക്കാരുകൾ തന്നെ മുൻകൈയെടുക്കുന്നു. ഇത്തരം അപകടകരമായ നീക്കങ്ങൾക്കെതിരേ
അക്കാദമിക് സമൂഹവും ശക്തമായി മുന്നോട്ട് വരണം. അത്തരം ശ്രമങ്ങളെ സംഘടിതമായി പരാജയപ്പെടുത്തണം.
അർഹതയ്ക്കുള്ള അംഗീകാരമാണിത്. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ തൻ്റെ അധ്യാപകനായിരുന്നു ഡോ. ധർമ്മരാജ് എന്ന് മന്ത്രി പറഞ്ഞു. വൈജ്ഞാനിക മേഖലയിൽ തങ്ങളുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പലരും ശ്രമിക്കുന്ന കാലമാണിത്. പാഠപുസ്തകങ്ങളിൽ നിന്ന് തങ്ങൾക്ക് താൽപര്യമില്ലാത്തവ ഒഴിവാക്കുന്നു. ശാസ്ത്രത്തിനും യുക്തിക്കും പകരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പഠനവിഷയമാക്കുന്നു. പുരോഗമനപരമായി ചിന്തിക്കുകയും യുക്തിഭദ്രമായി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ശാസ്ത്ര ബോധമുള്ള തലമുറയെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഡോ. ധർമ്മരാജ് അടാട്ട് എന്നും മന്ത്രി പറഞ്ഞു.
വലിയ സാമ്പത്തിക പ്രയാസത്തിനിടയിലാണ് താൻ പഠനം പൂർത്തിയാക്കിയതെന്ന് മറുപടി പ്രസംഗത്തിൽ ഡോ. ധർമ്മരാജ് പറഞ്ഞു. തൻ്റെ ശിഷ്യനിൽ നിന്ന് പുരസ്കാരം സ്വീകരിക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതി നായാണ് തൃപ്പൂണിത്തുറ പൈതൃക പഠന കേന്ദ്രം പുരസ്കാരം ഏ൪പ്പെടുത്തിയിട്ടുള്ളത്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നാല് ദശാബ്ദത്തിലേറെ നീണ്ട പഠന ഗവേഷണങ്ങളിലൂടെയും സ൪ഗാത്മക പ്രവ൪ത്തനങ്ങൾ വഴിയും വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് ധ൪മ്മരാജ് അടാട്ട്. വേദങ്ങൾ, ഉപനിഷത്തുക്കൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവയിലെ ഗഹനമായ പഠനങ്ങളിലൂടെ അദ്ദേഹം വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ ചമച്ചു. ഋഗ്വേദത്തിലെ സാഹിതീയദ൪ശനം, ഋഗ്വേദത്തിന്റെ ദാ൪ശനികഭൂമിക, ലോകായതദ൪ശനം തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലുമായി അമ്പത്തിലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. സംസ്കൃതഭാഷാ വികസനത്തിനായി സംസ്കൃത ഭാഷയെയും ചിന്താപദ്ധതിയെയും സമ്പന്നമാക്കിയ സംസ്കൃത പണ്ഡിതനാണ്. വിദ്യാഭ്യാസ വിചക്ഷണ൯ എന്ന നിലയിലും ശ്രദ്ധേയ൯.
അനൂപ് ജേക്കബ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമ സന്തോഷ്
മുഖ്യാതിഥിയായി. മലയാള സര്വകലാശാല മുൻ വിസിയും പുരസ്കാര നിർണയസമിതി ചെയർമാനുമായ ഡോ. അനിൽ വള്ളത്തോൾ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. രജിസ്ട്രാർ കെ.വി. ശ്രീനാഥ്, പരീക്ഷിത്ത് തമ്പുരാൻ പുരസ്കാര നിർണയ സമിതി ചെയർമാൻ ഡോ. അനിൽ വള്ളത്തോൾ, പൈതൃക പഠന കേന്ദ്രം ഭരണസമിതി അംഗം ഡോ.സി. ബാലൻ എന്നിവർ പങ്കെടുത്തു.
- Log in to post comments