വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വികാസത്തിന് അങ്കണവാടി പ്രവേശനം
വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവേശിപ്പിക്കുന്നതിന് വനിതശിശുവികസന വകുപ്പ് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2 വയസിനും 3 വയസിനും ഇടയിലുള്ള വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവശിപ്പിക്കുന്നത് അവരുടെ സാമൂഹിക മാനസിക വികസനം സാധ്യമാകാൻ വളരെ പ്രയോജനകരമാകുമെന്ന് ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഉൾപ്പെടെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓട്ടിസം, സംസാര-ഭാഷാ വികസന പ്രശ്നങ്ങൾ മുതലായവ പോലുള്ള വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ നേരത്തെ കണ്ടെത്തി വേണ്ട ഇടപെടലുകൾ നടത്തുന്നത് അവരുടെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇത്തരം കുട്ടികളെ സാധാരണ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ അനുവദിക്കുകയാണെങ്കിൽ ഇവർക്ക് മറ്റ് കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ കാണുന്നതിനും അവ അനുകരിക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും സാധിക്കുമെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
സിഡിപിഒമാർക്കും സൂപ്പർവൈസർമാർക്കും ഭിന്നശേഷികൾ നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശീലന പരിപാടികൾ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയിട്ടുണ്ട്. ഇതുകൂടാതെ ആവശ്യമായ അടിസ്ഥാന സൗകര്യവും അങ്കണവാടി ജീവനക്കാർക്ക് പരിശീലനും ഉറപ്പാക്കിയാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ മുഴുവൻ സമയവും അങ്കണവാടികളിൽ ഇരുത്താതെ രണ്ടോ മൂന്നോ മണിക്കൂർ ഇരുത്തിയാലും മതിയാകും. ആവശ്യമെങ്കിൽ കട്ടികളുടെ സംരക്ഷകരാരെയെങ്കിലും (അമ്മ, അമ്മൂമ്മ തുടങ്ങിയവർ) അവിടെ നിൽക്കാൻ അനുവദിക്കുന്നതാണ്.
ഈ കുട്ടികൾ സിഡിസി, ഡിഇഐസി, നിഷ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ചികിത്സ ലഭിക്കുന്ന കുട്ടികളായതിനാൽ തന്നെ അവർക്ക് വേണ്ട തെറാപ്പികൾ ആ സ്ഥാപനങ്ങളിൽ ലഭിക്കുന്നതാണ്. അവിടത്തെ തെറാപ്പിയോടൊപ്പം അങ്കണവാടികളിൽ നിന്നും സാധാരണ ലഭ്യമാകുന്ന സേവനങ്ങൾ കൂടി കുട്ടികൾക്ക് നൽകുന്നത് മൂലം കുട്ടികളുടെ സാമൂഹിക, ബൗദ്ധിക, മാനസിക വികാസത്തിലും ഭാഷാ വികസനത്തിലും കൂടുതൽ മെച്ചപ്പെട്ട പ്രകടനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഏർളി ഇന്റർവെൻഷന്റെ ഭാഗമായി സിഡിസിയിൽ നിന്നും തന്നെ രണ്ടു വയസിനും മൂന്ന് വയസിനും ഇടയ്ക്കുള്ള കുട്ടികളെ അങ്കണവാടികളിൽ കൊണ്ട് പോകാനും നിർദേശിക്കാറുണ്ട്.
ഭാവിയിൽ ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികൾ കൂടുതലായി അങ്കണവാടികളിൽ എത്തിച്ചേരുന്ന ഒരു സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായം കൂടി ഈ വിഷയത്തിൽ തേടാവുന്നതാണ്.
പി.എൻ.എക്‌സ്. 4552/2024
- Log in to post comments