ചിട്ടി രജിസ്ട്രേഷനുള്ള ഓൺലൈൻ സംവിധാനം നടപ്പിലാക്കും;മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
ചിട്ടി രജിസ്ട്രേഷനുള്ള ഓൺലൈൻ സംവിധാനം, ഡിജിറ്റൽ ഓതൻ്റിഫിക്കേഷൻ, വിവാഹ രജിസ്ട്രേഷനിലെ പുതുക്കിയ നടപടിക്രമങ്ങൾ എന്നിവ അടുത്ത മാസങ്ങളിൽ തന്നെ നടപ്പിലാക്കുമെന്ന്
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
പുളിങ്കുന്ന് സബ് രജിസ്ട്രാർ ഓഫീസിൻ്റെ പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാരിൻ്റെ വരുമാന സ്രോതസ്സുകളിൽ ഏറെ പ്രധാനപ്പെട്ട വകുപ്പാണ് രജിസ്ട്രേഷൻ വകുപ്പെന്നും 5220 കോടിയോളമാണ് കഴിഞ്ഞ വർഷത്തെ വരുമാനമെന്നും മന്ത്രി പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വകുപ്പിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമവും സുതാര്യവുമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
തോമസ് കെ തോമസ് എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി, ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി ജി ജലജകുമാരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ബിനു ഐസക് രാജു, എം പി പ്രിയ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം എസ് ശ്രീകാന്ത്, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് മായാദേവി, രജിസ്ട്രേഷൻ ജോയിൻ്റ് ഇൻസ്പെക്ടർ ജനറൽ കേരള പി കെ സാജൻ കുമാർ, എ കെ ഡി ഡബ്ല്യു ആൻ്റ് എസ് എ ജില്ലാ പ്രസിഡൻ്റ് പി റ്റി ജോൺ പെരുമ്പള്ളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
മുൻ മന്ത്രി ജി സുധാകരൻ ശിലാസ്ഥാപനം നടത്തിയ കെട്ടിടം 2.98 കോടി രൂപ മുടക്കി പൊതുമരാമത്ത് വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് പൂർത്തീകരിച്ചത്. റോഡ് നിരപ്പിൽ നിന്നും ഒന്നര മീറ്റർ ഉയരത്തിൽ അടിത്തറയും താഴത്തെ നിലയിൽ ഓഫീസും റെക്കോർഡ് റൂമും മുകളിലത്തെ നിലയിൽ ഹാളും, ഓഫീസ് മുറിയും, റെക്കോർഡ് റൂമും ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം പണി പൂർത്തീകരിച്ചത്. കുട്ടനാട് താലൂക്കിലെ രാമങ്കരി, കൈനകരി വടക്ക്, കൈനകരി തെക്ക്, ചമ്പക്കുളം, കാവാലം, കുന്നുമ്മ, മുട്ടാർ, നെടുമുടി, നീലംപേരൂർ, പുളിങ്കുന്ന്, വെളിയനാട് എന്നീ 11 വില്ലേജുകളാണ് ഇതിൻ്റെ പ്രവർത്തന പരിധിയിൽ വരുന്നത്.
- Log in to post comments