Skip to main content

*ഭരണഭാഷ വാരാഘോഷം തുടങ്ങി* *വൈജ്ഞാനിക പുരോഗതിയുടെ അളവുകോലായി ഇംഗ്ലീഷിനെ കാണുന്നത് വികലമായ കാഴ്ചപ്പാട് - ജില്ലാ കളക്ടര്‍*

ഇംഗ്ലീഷ് ഭാഷയെ വൈജ്ഞാനിക പുരോഗതിയുടെ അളവുകോലായി കാണുന്നത് അപകടത്തിലേക്ക് നയിക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ഭാഷയെന്ന നിലയില്‍ മലയാളത്തിനൊപ്പം നമ്മള്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷിന് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍, ഈ പ്രാധാന്യത്തിന്റെ പേരില്‍ മലയാള ഭാഷയെ അവഗണിക്കുന്നതിന് യാതൊരു സാധൂകരണവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ ഭരണകൂടവും വിവര- പൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷയെന്നത് കേവലം ആശയ വിനിമയത്തിന് വേണ്ടി മാത്രമുള്ള മാധ്യമമല്ല. നമ്മുടെ സംസ്‌കാരവും ചരിത്രവും ആചാരവും അനുഷ്ടാനവുമെല്ലാം ഭാഷയുടെ നൂലിലാണ് കോര്‍ത്തു കെട്ടിയിരിക്കുന്നത്. ശാസ്ത്രരംഗത്തും മറ്റും പുരോഗതി നേടിയ രാജ്യങ്ങളെല്ലാം മാതൃഭാഷയ്ക്ക് വലിയ സ്ഥാനം നല്‍കുന്നുണ്ട്. ഉദ്യോഗസ്ഥരെ സംബന്ധിച്ച്, ഭരണഭാഷയായി മലയാളം കൈകാര്യം ചെയ്യുന്നതിന് വലിയ പ്രാധാന്യമുണ്ട്. സേവനം തേടിയെത്തുന്നവരുമായുള്ള ആശയ വിനിമയം മാതൃഭാഷയിലാകുമ്പോഴാണ് അത് ഏറ്റവും ഫലപ്രദമാകുന്നത്. ഓരോ പദ്ധതിയും വിജയിക്കുന്നത് സാധാരണക്കാര്‍ സംസാരിക്കുന്ന ഭാഷയില്‍ അത് ജനങ്ങളിലേക്കെത്തുമ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് സി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. അസി. കളക്ടര്‍ വി.എം ആര്യ ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എം ഭരതന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. മുഹമ്മദ്, അസി. എഡിറ്റര്‍ ഐ.ആര്‍ പ്രസാദ്,
ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.ഡി ജോസഫ്, സാക്ഷരത മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ദീപ ജെയിംസ്, എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ ബൈജു എന്നിവര്‍ സംസാരിച്ചു.

date