ആലപ്പുഴ സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ കരിയർ എക്‌സ്‌പോ സംഘടിപ്പിക്കും-മന്ത്രി സജി ചെറിയാൻ
നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ശാസ്ത്ര മേളയിൽ പ്രത്യേകമായി കരിയർ എക്‌സോപോയും സംഘടിപ്പിക്കുമെന്ന് ഫിഷറീസ് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴയിലെ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം മികവുറ്റതും നൂതനാശയങ്ങൾ ഉൾപ്പെടുത്തിയുള്ള കാര്യക്ഷമമായ പ്രവർത്തനങ്ങളോടെ നടത്തുമെന്ന് സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയോട് അനുബന്ധിച്ച് സെന്റ് ജോസഫ് സ്‌കൂളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂൾ ശാസ്‌ത്രോത്സവം സെൻറ് ജോസഫ് സ്‌കൂൾ പ്രധാന വേദിയായും , ലിയോ തേർട്ടീന്ത് സ്‌കൂൾ , ഗേൾസ് സ്‌കൂൾ, എസ് ഡി വി സ്‌കൂൾ , ലജനത്തുൽ മുഹമ്മദീയ എച്ച്എസ്എസ് , തുടങ്ങിയ പ്രധാനപ്പെട്ട ഏഴോളം വേദികളിലായിട്ടായിരിക്കും നടക്കുക . ശാസ്ത്രമേളയുടെ ഭാഗമായി വിഎച്ച്എസ്ഇ എക്‌സ്‌പോ , എന്റർടെയിന്റ്‌മെന്റ് പ്രോഗ്രാം , കൾച്ചറൽ പ്രോഗ്രാം , പ്രസീത ചാലക്കുടിയുടെ നാടൻ പാട്ട്, കാർട്ടൂണിസ്റ്റ് ജിതേഷിന്റെ വരയരങ്ങ് , തിരുവല്ല ഡഫ് സ്‌ക്കൂൾ കലാപരിപാടികൾ , ശാസ്ത്ര മേഖലയിലെ പ്രമുഖരുമായുള്ള സംവാദം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളോടെയാണ് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നടക്കുക. മേളയുടെ പ്രത്യേകതയായി മന്ത്രി മുൻകൈയ്യെടുത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര സംവാദത്തിൽ ഐ.എസ്.ആർ.ഓ ചെയർമാൻ എസ്.സോമനാഥ്, ശാസ്ത്രജ്ഞ ടെസ്സി തോമസ്, ടെക്‌ജെൻഷ്യ സി.ഇ.ഓ ജോയ് സെബാസ്റ്റിയൻ, ഡോ.എം.മോഹൻ എന്നിവർ പങ്കെടുക്കും. വിദ്യാർഥികൾക്ക് ഇവരുമായി സംസാരിക്കാനും ആശയ സംവാദത്തിനും അവസരം ഒരുക്കും. വൊക്കേഷണൽ എക്‌സ്‌പോയ്ക്ക് 95 സ്റ്റാളുകളും, കരിയർ എക്‌സ്‌പോയ്ക്ക് 10 സ്റ്റാളുകളും, കരിയർ സെമിനാർ , എന്റർടൈൻമെന്റ് എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം വേദികളും സജ്ജമാക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ശാസ്ത്രമേളയ്ക്ക്എത്തുന്ന കുട്ടികൾക്ക് താമസസൗകര്യവും, ഭക്ഷണവും ക്രമീകരിക്കു. സംഘാടക സമിതി യോഗത്തിൽ പി. പി.ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എച്ച് സലാം എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ടി.എസ്.താഹ, എം.വി.പ്രിയ ടീച്ചർ, ബിനു ഐസക് രാജു, അഡ്വ.ആർ.റിയാസ്, നഗരസഭാ കൗൺസിലർമാരായ എം.ആർ.പ്രേം, എ.എസ്.കവിത, റീഗോ രാജു, ഹരികൃഷ്ണൻ, സ്‌പോർട്ട്‌സ് കൗൺസിൽ ജില്ല പ്രസിഡന്റ് പി.ജെ.ജോസഫ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇ.എസ്.ശ്രീലത, ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ.ആശോക് കുമാർ, ഡി.ഡി. എംപ്ലോയ്‌മെന്റ് ധന്യ ആർ.കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ ജെ ബിന്ദു , ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ് , മീഡിയ കമ്മറ്റി കൺവീനർ ടി.മുഹമ്മദ് ഫൈസൽ, വിവിധ കമ്മിറ്റികളുടെ ചെയർമാൻമാർ , കൺവീനർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments