'വിത്ത്' സാഹിത്യക്യാമ്പിന് കണ്ണൂരിൽ തുടക്കമായി
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന 'വിത്ത്' ഉത്തരമേഖലാ യുവസാഹിത്യക്യാമ്പിന് കണ്ണൂരിൽ തുടക്കമായി. പയ്യാമ്പലം ഇകെ നായനാർ അക്കാദമിയിൽ കഥാകൃത്ത് ടി പത്മനാഭൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഭാഷ മനസ്സിലാക്കാൻ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ദുർഗ്രഹമായ രീതിയിൽ എഴുതിയാൽ വായനക്കാർക്ക് മനസ്സിലാവുകയില്ല. ഓർമ്മകൾ ഇന്ന് തനിക്കൊരു പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മനസ്സിൽ നിറയെ ഓർമകളാണ്. പലപ്പോഴും അവ അലട്ടാറുണ്ട്. എത്രേയോ കഥകൾ ഓർമകളിൽ നിന്ന് വന്നതാണ്. അനുഭവങ്ങളുടെ ഒരു കടലും ഉള്ളിലുണ്ട്. അതിൽ തൊണ്ണൂറ് ശതമാനവും എഴുതിയിട്ടില്ല. ഈ ഓർമകളും അനുഭങ്ങളുമാണ് തന്റെ സമ്പത്തെന്നും അദ്ദേഹം പറഞ്ഞു.
കഥകൾ മാത്രമേ എഴുതൂവെന്ന് ഒരു വാശിയും തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോവൽ മഹത്തായ ഒരു സാഹിത്യശാഖയാണ്. പൊതുവെ നോവലുകൾ വളരെ ദൈർഘ്യമേറിയതാണ്. ബൃഹത്തായ ക്യാൻവാസിൽ ഒരു നോവൽ പൂർത്തിയാക്കാൻ വളരെ സമയമെടുക്കും. തീരെ ക്ഷമയില്ലാത്ത തനിക്ക് അതിന് സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവജനക്ഷേമബോർഡ് അംഗം വികെ സനോജ് അധ്യക്ഷത വഹിച്ചു. ഡോ. സി രാവുണ്ണി, ഐപിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത, അവളിടം ജില്ലാ കോ ഓർഡിനേറ്റർ പി പി അനീഷ, ഷെരീഫ് പാലോളി എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന വായന, കാലം, സമൂഹം സെഷനിൽ എം സ്വരാജ്, കവിതയിലെ പ്രചോദനങ്ങൾ സെഷനിൽ ഷീജ വക്കം, കഥയിലെ ജീവിതം സെഷനിൽ എൻ രാജൻ, കവിതയും ജീവിതവും സെഷനിൽ മണമ്പൂർ രാജൻ ബാബു, ജിനേഷ് കുമാർ എരമം എന്നിവർ പ്രഭാഷണം നടത്തി.
നവംബർ മൂന്നിന് 'കഥയിലെ നടത്തങ്ങൾ' സെഷനിൽ ഇ പി രാജഗോപാലൻ, 'കഥയുടെ വഴികൾ' സെഷനിൽ ടിപി വേണുഗോപാലൻ, കെ കെ രമേഷ്, 'ജീവിതത്തിന്റെ എഴുത്തുകൾ' സെഷനിൽ സുകുമാരൻ ചാലിഗദ്ദ, 'ചരിത്രം ദേശം എഴുത്ത്' സെഷനിൽ അശോകൻ ചരുവിൽ, 'കവിതയുടെ അകവും പുറവും' സെഷനിൽ മാധവൻ പുറച്ചേരി, 'ചരിത്രവും സാഹിത്യവും' സെഷനിൽ ഡോ. ശ്രീകല മുല്ലശ്ശേരി, 'ഡിജിറ്റൽ കാലത്തെ എഴുത്ത്' സെഷനിൽ ഒ പി സുരേഷ്, 'പെണ്ണിടങ്ങൾ' സെഷനിൽ ഇന്ദു മേനോൻ എന്നിവർ പ്രഭാഷണം നടത്തും.
നവംബർ നാലിന് നടക്കുന്ന സമാപന സമ്മേളനം ഡോ. കെ.പി മോഹനൻ ഉദ്ഘാടനം ചെയ്യും. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ മുഖ്യാതിഥിയാവും. നാരായണൻ കാവുമ്പായി, ഡോ. ആർ രാജശ്രീ തുടങ്ങിയവർ പ്രഭാഷണം നടത്തും.
ക്യാമ്പിൽ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽനിന്നുള്ള 45 എഴുത്തുകാർ പങ്കെടുക്കുന്നു. മുൻകൂട്ടി അപേക്ഷ ക്ഷണിച്ച് കൃതികളുടെ അടിസ്ഥാനത്തിലാണ് ക്യാമ്പിലേക്ക് ഇവരെ തെരഞ്ഞെടുത്തത്.
- Log in to post comments