Skip to main content

*സംസ്ഥാന സ്‌കൂള്‍ കായികമേള: ദീപശിഖ പ്രയാണത്തിന് ജില്ലയിൽ ആവേശോജ്വല സ്വീകരണം*

ഒളിമ്പിക്‌സ് മാതൃകയില്‍ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് മുന്നോടിയായി കാസർകോഡ് നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണത്തിന് മലപ്പുറം ജില്ലയിൽ ആവേശോജ്വല സ്വീകരണം. ജില്ലാ അതിര്‍ത്തിയായ ‍രാമനാട്ടുകരയിൽ കോഴിക്കോട് ഡി.ഡി.ഇ മനോജ് കുമാറിൽനിന്ന് മലപ്പുറം ഡി.ഡി.ഇ കെ.പി രമേശ് കുമാർ ദീപശിഖ ഏറ്റുവാങ്ങി. ജില്ലയിലെ ഉദ്യോഗസ്ഥർ, കായികാധ്യാപകർ, കായിക താരങ്ങൾ എന്നിവരുടെ അകമ്പടിയോടെ പുറപ്പെട്ട പ്രയാണത്തിന് മൊറയൂർ വി.എം.എച്ച്.എസ്. എസിൽ സ്വീകരണം നൽകി. തുടർന്ന് മലപ്പുറം എം.എസ്.പി സ്കൂളിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് ദീപശിഖ ഏറ്റുവാങ്ങി കായിക താരങ്ങൾക്ക് കൈമാറി. 

 

ചടങ്ങ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ അബൂബക്കർ, വിദ്യാകിരണം കോഓർഡിനേറ്റർ സുരേഷ് കൊളശ്ശേരി, കൈറ്റ് ജില്ലാ കോഓർഡിനേറ്റർ ടി.കെ അബ്ദുൽ റഷീദ്, മലപ്പുറം ഡി.ഇ.ഒ ഗീതാകുമാരി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. സലീമുദ്ദീൻ, ഡി.പി.സി മനോജ് കുമാർ, ജില്ലാ സ്പോർട്സ് ഓർഗനൈസർ ഡോ. സന്ദീപ്, ആർ.ഡി.എസ്.ജി.എ സെക്രട്ടറി ഷബിൻ എന്നിവർ സംസാരിച്ചു. ഡി.ഡി.ഇ കെ.പി രമേശ് കുമാർ സ്വാഗതവും എം.എസ്.പി സ്കൂൾ പ്രധാനാധ്യാപിക എസ്. സീത നന്ദിയും പറഞ്ഞു.

 

ഞായറാഴ്ച രാവിലെ ഒമ്പതിന് എം.എസ്.പി സ്കൂളിൽനിന്ന് ആരംഭിക്കുന്ന പ്രയാണത്തിന് രാവിലെ 10 ന് പെരിന്തല്‍മണ്ണ ജി.ബി.എച്ച്.എസ്.എസിൽ സ്വീകരണം നൽകും. തുടർന്ന് ജില്ലാ അതിർത്തിയായ പുലാമന്തോളിൽ വെച്ച് ദീപശിഖ പാലക്കാട് ഡി.ഡി.ഇക്ക് കൈമാറും.

 

നവംബര്‍ നാല് മുതല്‍ 11 വരെ കൊച്ചിയിലാണ് കായികമേള അരങ്ങേറുന്നത്. വിവിധ ജില്ലകളില്‍ സ്വീകരണം ഏറ്റുവാങ്ങുന്ന ദീപശിഖ പ്രയാണവും വാഹന ജാഥയും നാലിന് എറണാകുളം തൃപ്പൂണിത്തുറയില്‍ സംഗമിക്കും. അവിടെനിന്ന് പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെത്തും.

 

date