Skip to main content

മാലിന്യ സംസ്‌കരണം: നൂതന ആശയങ്ങളുമായി ബാലസഭ കുട്ടികൾ

മാലിന്യ സംസ്‌കരണ മേഖലയിൽ നൂതന ആശയങ്ങളുമായി കുടുംബശ്രീ ബാലസഭ കുട്ടികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ ബാലസഭകളിൽ നിന്നും തിരഞ്ഞെടുത്ത 19 കുട്ടികളാണ് മാലിന്യ സംസ്‌കരണവും പ്രശ്നപരിഹാരവും എന്ന വിഷയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. കാസർകോട് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നങ്ങൾ, മട്ടന്നൂർ നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിലെ മാലിന്യ സംസ്‌കരണം, സാനിറ്ററി മാലിന്യ സംസ്‌കരണം എന്നിവയും വാഹനങ്ങളുടെ പുകമാലിന്യങ്ങൾ കുറയ്ക്കാനുള്ള ആശയങ്ങളും വരെ കുട്ടികൾ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ ഡോ. ടി വി വിനീഷ്, തിരുവനന്തപുരം ഡയറ്റ് ലക്ചറർ ഡോ. സതീഷ് ചന്ദ്രൻ, സംസ്ഥാന മിഷൻ പാനൽ അംഗം എസ് ബൈജു കുമാർ, അധ്യാപകൻ എ ഗിരീഷ് എന്നിവർ പ്രബന്ധങ്ങൾ വിലയിരുത്തി. ശുചിത്വോത്സവം രണ്ടാം സീസണിന്റെ ഭാഗമായി മാലിന്യ സംസ്‌കരണ മേഖലയിൽ പുതിയ മാതൃകകൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വാർഡ് തലത്തിൽ വിവിധ പരിപാടികൾ ബാലസഭ നടത്തിയിരുന്നു.
 

date