Skip to main content

ഒന്നിച്ചിറങ്ങി എതിരാളികള്‍; സ്വര്‍ണം നേടി ഫെന്‍സിങ് ഫ്രണ്ട്‌സ്

 

വ്യക്തിഗത മത്സരത്തില്‍ എതിരാളികളായവര്‍ ഗ്രൂപ്പിനത്തില്‍ കൈകോര്‍ത്ത് പിടിച്ച് മല്‍സരിക്കുന്ന അപൂര്‍വ കാഴ്ചയാണ് എറണാകുളം ടൗണ്‍ഹാളിലെ ഫെന്‍സിങ് വേദിയില്‍ കണ്ടത്. സീനിയര്‍ പെണ്‍കുട്ടികളുടെ ഫെന്‍സിങ് എപ്പി വ്യക്തിഗത ഇനത്തില്‍ ഒന്നാമതെത്തിയ നിവേദിയ എല്‍ നായരും രണ്ടാം സ്ഥാനക്കാരിയായ റീബാ ബെന്നിയും ടീമിനത്തിലാണ് കണ്ണൂരിന് വേണ്ടി ഒന്നിച്ചിറങ്ങി സ്വര്‍ണം നേടിയത്. 
ഒരുമിച്ച് പരിശീലിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ സര്‍ക്യൂട്ട് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചവരാണ് ഇരുവരും. ഇടുക്കി രാജാക്കാട് സ്വദേശിയായ നിവേദിയ മൂന്നാം ക്ലാസ് മുതല്‍ ഫെന്‍സിങ് അഭ്യസിക്കുന്നുണ്ട്. തലശ്ശേരി സായ് സെന്ററിലെ കളിക്കൂട്ടുകാരിയാണ് റീബ. തലശ്ശേരി ഗവ. ബ്രണ്ണന്‍ എച്ച് എസ് എസിലെ വിദ്യര്‍ത്ഥിനികളുമാണിരുവരും. 
ആദ്യമായാണ് ഇരുവരും ഒരുമിച്ച് മത്സരിക്കുന്നത്. കൂട്ടുകാരിയുമായുള്ള മത്സരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നിവേദിയയുടെ മറുപടി ഇങ്ങനെ.'മത്സരം തുടങ്ങിയാല്‍ എതിരാളികള്‍ മാത്രമേയുള്ളൂ. ജയം മാത്രമേ ലക്ഷ്യമായുള്ളൂ. മറ്റൊന്നും അപ്പോള്‍ ഓര്‍ക്കില്ല'.
ഇക്കാര്യത്തില്‍ റീബക്കും എതിരഭിപ്രായമില്ല. 'നല്ല പ്രകടനം കൊണ്ട് വരാന്‍ മാത്രമേ ശ്രമിക്കാറുള്ളൂ. ഒരുമിച്ച് പ്രാക്ടീസ് ചെയ്യുന്നത് കൊണ്ട് മൂവുകള്‍ എല്ലാം മുന്‍കൂട്ടി കാണാന്‍ കഴിയാറുണ്ട്. അതിനനുസരിച്ച് പ്രതിരോധം തീര്‍ക്കാനും കഴിയാറുണ്ട്'. ഫാത്തിമ ഫിദയാണ് ഇവര്‍ക്കൊപ്പം മത്സരത്തിന് കണ്ണൂരിനായി ഇറങ്ങിയത്. 
കോട്ടയം സ്വദേശിയായ ബെന്നി ജേക്കബിന്റെയും റീനയുടെയും മകളാണ് റീബ. വി എസ് ലിഥേഷും ദീപയുമാണ്  നിവേദിയയുടെ മാതാപിതാക്കള്‍. ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടുകയാണ് ഈ കൗമാര താരങ്ങളുടെ സ്വപ്നം.

date