Skip to main content

അത്‌ലറ്റിക്‌സില്‍ ഹാട്രിക്ക് സ്വര്‍ണ്ണവുമായി പാലക്കാടിന്റെ അമൃത്

 

സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ 400 മീറ്ററിലെയും 800 മീറ്ററിലെയും സ്വര്‍ണത്തിന് പിന്നാലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തിലും സ്വര്‍ണം നേടി പാലക്കാടിന്റെ എം അമൃത് ഹാട്രിക് നേട്ടത്തിനുടമയായി. 
4:14.36 മിനിറ്റിലാണ് അമൃത് 1500 മീറ്ററില്‍ സ്വര്‍ണത്തിലേക്ക് കുതിച്ചെത്തിയത്. കുമരംപുത്തൂര്‍ കെ എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അമൃത്. കഴിഞ്ഞ സംസ്ഥാന കായികമേളയില്‍ 800 മീറ്ററിലും 1500 മീറ്ററിലും സ്വര്‍ണംനേടിയ അമൃത് ഇത്തവണ സുവര്‍ണ ഡബിള്‍ ട്രിപ്പിളാക്കി ഉയര്‍ത്തുകയായിരുന്നു. 
കോച്ച് മുഹമ്മദ് നവാസിന് കീഴിലാണ് അമൃതിന്റെ പരിശീലനം. അച്ഛന്‍ ബി മോഹനന്‍ ഡ്രൈവറാണ്. അമ്മ പുഷ്പലത. അമൃതിന്റെ ജേഷ്ഠന്‍ അമലും ഇത്തവണ കായിക മേളയില്‍ സീനിയര്‍ വിഭാഗം 400 മീറ്റര്‍ ഹഡില്‍സില്‍ മത്സരിച്ചിരുന്നു. ഒളിമ്പ്യന്‍ ആവുകയെന്നതാണ് അമൃതിന്റെ സ്വപ്നം. തുടര്‍ച്ചയായി മൂന്നു ദിവസത്തെ ഓട്ടം 1500 മീററ്റിലെ പ്രകടനത്തെ ബാധിച്ചുവെങ്കിലും മൂന്നു സ്വര്‍ണം നേട്ടത്തിലും സന്തോഷമുണ്ടെന്ന് അമൃത് പറഞ്ഞു. 400 മീറ്ററിലും 800 മീറ്ററിലും  പ്രതീക്ഷിച്ച പ്രകടനം നടത്താനായെന്ന് അമൃത് പറഞ്ഞു. 1500 മീറ്ററില്‍ കൊല്ലം സായിലെ മെല്‍ബിന്‍ ബെന്നി വെള്ളിയും പാലക്കാട് മുണ്ടൂര്‍ എച്ച് എസ് എസിലെ എസ് ജഗന്നാഥന്‍ വെങ്കലവും നേടി.

date