Skip to main content

കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു; മൂന്ന് ഫാമുകളിലെ പന്നികളെ ഉന്മൂലനം ചെയ്യും

കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ നെല്ലിയോടിയിലെ എം ടി കിഷോറിന്റെ റോയൽ പിഗ് ഫാം എന്ന പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി (ആഫ്രിക്കൻ സൈ്വൻ ഫീവർ) സ്ഥിരീകരിച്ചതായി ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു. ഈ സാഹചര്യത്തിൽ ഈ ഫാമിലെയും മേഖലയിലെ  മറ്റ് രണ്ട് ഫാമുകളിലെയും മുഴുവൻ പന്നികളെയും എല്ലാ വിധ പ്രോട്ടോക്കോളുകളും പാലിച്ച് ഉടൻ പ്രാബല്യത്തോടെ ഉന്മൂലനം ചെയ്യാൻ ദുരന്ത നിവാരണ നിയമപ്രകാരം ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ ഉത്തരവിട്ടു. തീറ്റ നശിപ്പിക്കുകയും അണുനശീകരണം നടത്തുകയും ജഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിക്കുകയും ചെയ്യണം.
സൗമ്യ തോമസ്, പുത്തൻപറമ്പിൽ ഹൗസ്, കൊട്ടിയൂർ, ജോസഫ്, പുത്തൻ പുരയിൽ, കൊട്ടിയൂർ എന്നിവരുടെ ഫാമുകളിലെ പന്നികളെയും ഉൻമൂലനം ചെയ്യാനാണ് ഉത്തരവ്.
രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു.
കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽ നിന്നും മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പോലീസുമായും ആർടിഒയുമായും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും. രോഗ വിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് പ്രസ്തുത സംഘം ഉറപ്പ് വരുത്തേണ്ടതാണെന്നും അറിയിച്ചു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 12ന് ജില്ലയിൽ

രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നവംബർ 12ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

രാവിലെ 10 മണി: ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ ഭരണകൂടം ഭരണഭാഷാ വാരാചരണം സമാപനം, സമ്മാനദാനം പിആർഡി ഹാൾ

11 മണി കുറവ യു.പി സ്‌കൂൾ വാട്ടർ പ്യൂരിഫയർ സമർപ്പണം

11.30 തോട്ടട എസ്എൻ ട്രസ്റ്റ് സ്‌കൂൾ

ഉച്ച 2 മണി ലോക പൈതൃക വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം സംഘാടക സമിതി രൂപീകരണയോഗം: ജില്ലാപഞ്ചായത്ത് ഹാൾ

ഉച്ച 3 മണി കേരള ഫെൻസിങ് അസോസിയേഷൻ ഫെൻസിങ്ങ് ചാമ്പ്യൻഷിപ്പ് സംഘാടക സമിതി രൂപീകരണ യോഗം ചേംബർ ഹാൾ

വൈകീട്ട് 5 മണി മാത്തിൽ സർവ്വീസ് സഹകരണ ബേങ്ക് സോളർ പ്ലാന്റ് ഉൽഘാടനം മാത്തിൽ

വൈകീട്ട് മാവേലി എക്‌സ് പ്രസിന് തിരുവനന്തപുരം

താവക്കര യു പി സ്‌കൂൾ വിദ്യാർഥികൾ തപാൽ ഓഫീസ് സന്ദർശിച്ചു

തപാൽ ഓഫീസുകളുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുന്നതിന്റെ ഭാഗമായി താവക്കര യു പി സ്‌കൂൾ വിദ്യാർത്ഥികൾ സിവിൽ സ്റ്റേഷൻ കണ്ണൂർ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. സ്‌കൂൾ അധ്യാപകരായ കെ.വി പ്രശാന്തൻ, ടി.പി സുജാത, സി.കെ രജനി, ഷിംന വാഴയിൽ, സി.എം ഷൈമമോൾ, ബി ആർ സി ട്രെയിനർ എൻ.എസ് ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ പോസ്റ്റ് ഓഫീസിലെത്തിയത്. തപാൽ ഓഫിസുകളുടെ പ്രവർത്തനങ്ങൾ, കത്തിടപാടുകൾ, വിവിധ നിക്ഷേപ പദ്ധതികൾ, ഇൻഷുറൻസ് സേവനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പോസ്റ്റ് മാസ്റ്റർ പി സ്മിതയുടെ നേതൃത്വത്തിൽ ജീവനക്കാർ വിശദീകരിച്ചു.

 

 

date