വടുതല പേരണ്ടൂർ പാലം തീരദേശ നിയന്ത്രണ മേഖല പഠനത്തിനായി തുക അനുവദിച്ചു
എറണാകുളം നിയോജക മണ്ഡലത്തിലെ വടുതല പേരണ്ടൂർ പാലം നിർമ്മാണ ത്തിന്റെ ഭാഗമായി തീരദേശ നിയന്ത്രണ മേഖല സംബന്ധിച്ച പഠനങ്ങൾക്കായി സർക്കാർ തുക അനുവദിച്ചതായി ടി.ജെ.വിനോദ് എംഎല്‍എ അറിയിച്ചു. നേരത്തെ പാലത്തിനായി ഏകദേശം 32.5 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇതിൽ നിന്നുമാണ് ഇപ്പോൾ തുക അനുവദിച്ചിട്ടുള്ളത്. പഠന റിപ്പോർട്ട് തയ്യാറാക്കാൻ ഏകദേശം 15 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് എം.എല്‍.എ പറഞ്ഞു.
തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നത്. ഈ റിപ്പോർട്ട് കേരള തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. ഈ റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചെങ്കിൽ മാത്രമേ പാലം പണിയുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിലേക്ക് കടക്കാൻ കഴിയുകയുള്ളൂ എന്ന് എം.എല്‍.എ പറഞ്ഞു. ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുകയിൽ പത്ത് ലക്ഷം രൂപ കേരളതീരദേശ പരിപാലന അതോറിറ്റിയില്‍ അടയ്ക്കേണ്ട വിഹിതമാണ്. പഠനം നടത്തുന്നതിനായി ദേശിയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിന് ഒടുക്കേണ്ട ഫീസും പാലത്തിൻറെ കല്ല് ഇടുന്നതിന് വേണ്ടിവരുന്ന ചെലവും ചേർത്താണ് ബാക്കി വരുന്ന അഞ്ച് ലക്ഷത്തോളം രൂപ ചെലവ് കണക്കാക്കുന്നത്. ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ എൻജിനീയർമാരുമായി ബന്ധപ്പെട്ടതായും അവർ സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തിയതായും എം.എൽ.എ പറഞ്ഞു
- Log in to post comments