Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്; കാസര്‍കോട് ജില്ലയില്‍ ഡിസംബര്‍ 16 മുതല്‍ 23വരെ പരാതികള്‍ സ്വീകരിക്കും

ഡിസംബര്‍ 28 മുതല്‍ ജനുവരി ആറ് വരെയാണ് കാസര്‍കോട് ജില്ലയില്‍ അദാലത്ത് നടക്കുന്നത്

കരുതലും കൈത്താങ്ങും പരാതികള്‍ ഡിസംബര്‍ 16 മുതല്‍ 23വരെ കാസര്‍കോട് ജില്ലയില്‍ സ്വീകരിക്കും. കരുതലും കൈത്താങ്ങും അദാലത്ത് സംബന്ധിച്ച് കാസര്‍കോട് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം എ.ഡി.എം പി.അഖിലിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്നു. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികള്‍ ജില്ലയില്‍ ഡിസംബര്‍ 16 മുതല്‍ സ്വീകരിച്ചു തുടങ്ങും. ഡിസംബര്‍ 23 വരെ അപേക്ഷ സമര്‍പ്പിക്കാം. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കായികം, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി ആറ് വരെയാണ് കാസര്‍കോട് ജില്ലയില്‍ അദാലത്ത് നടക്കുന്നത്.

ഡിസംബര്‍ 28ന് ശനിയാഴ്ച കാസര്‍കോട് താലൂക്ക് അദാലത്ത് നടക്കും. ജനുവരി മൂന്ന് വെള്ളിയാഴ്ച ഹൊസ്ദുര്‍ഗ്  താലൂക്ക് , ജനുവരി നാല് ശനിയാഴ്ച മഞ്ചേശ്വരം താലൂക്ക്, ജനുവരി ആറ് തിങ്കളാഴ്ച വെള്ളരിക്കുണ്ട് താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത് നടക്കുക. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കരുതല്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. പരാതി നല്‍കുന്നയാളുടെ പേര് ,വിലാസം, ഇമെയില്‍ ,മൊബൈല്‍ നമ്പര്‍, വാട്‌സ്ആപ്പ് നമ്പര്‍,ജില്ല, താലൂക്ക്, പരാതി വിഷയം പരിശോധിച്ചിട്ടുള്ള ഓഫീസ്, ഫയല്‍ നമ്പര്‍ എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്തണം. അദാലത്തില്‍ പരിഗണിക്കാന്‍ നിശ്ചയിച്ച വിഷയങ്ങള്‍ മേലുള്ള പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്.

ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്ക് വരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും) സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം /നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി) വയോജന സംരക്ഷണം, പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം,പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റു ആവശ്യങ്ങള്‍ ,പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും റേഷന്‍ കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍) ചികിത്സാ ആവശ്യങ്ങള്‍, കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ ,ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം എന്നിവയാണ് അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍.

date