കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ആദ്യഘട്ടം ഡിസംബർ 26ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
സംസ്ഥാനത്തെ ആദ്യ നദി പുനരുജ്ജീവന പദ്ധതിയായ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാം ഘട്ടം ഡിസംബർ 26 ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഹരിത കേരളം മിഷൻ ഓഫീസിൽ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
പദ്ധതി കൺവീനർ എൻ ചന്ദ്രൻ കരട് രേഖ അവതരിച്ചു. ഹരിത കേരളം മിഷൻ സംസ്ഥാന അസി. കോ- ഓഡിനേറ്റർ ടി പി. സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻ മലയിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ ചേരുന്ന കാനാമ്പുഴയെ വീണ്ടെടുക്കാൻ പുനരുജ്ജീവന സമിതിയും ഹരിത കേരളം മിഷനും ജല സേചന വകുപ്പും മറ്റ് വിവിധ വകുപ്പുകളും ഒരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ഫലപ്രാപ്തിയിൽ എത്തുന്നത്.
സംഘാടക സമിതി യോഗം ഡിസംബർ രണ്ടിന് ചേരും. ഡിസംബർ എട്ടിനുള്ളിൽ പ്രാദേശിക സമിതി യോഗങ്ങൾ പൂർത്തീകരിക്കും. ഡിസംബർ 15 ന് ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. കാനാമ്പുഴ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും ഉൾചേർത്തുകൊണ്ടുള്ള ജനകീയ സെമിനാർ ചൊവ്വ ബാങ്ക് ഹാളിൽ ഡിസംബർ 24ന് നടത്തും. ഡിസംബർ 24, 25, 26 തീയതികളിൽ കാനാമ്പുഴ ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കും.
താഴെ ചൊവ്വ ചീപ്പ് പാലം മുതൽ തിലാന്നൂർ ശിശുമന്ദിരം റോഡ് വരെയുള്ള കാനാമ്പുഴയുടെ ഭാഗങ്ങളാണ് ഒന്നാം ഘട്ടത്തിൽ പുനരുദ്ധരിച്ചത്. പുഴയിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് കരിങ്കൽ പാർശ്വഭിത്തി നിർമ്മിക്കുകയും പാടശേഖരങ്ങളിലെ ജലസേചനാവശ്യാർഥം നീർച്ചാലുകൾ നിർമിക്കുയും ചെയ്തു. വിനോദസഞ്ചാര ഉദ്ദേശത്തോടെ പുഴയുടെ ഇരുവശങ്ങളിലും നടപ്പാത നിർമ്മിച്ച് കയർ ഭൂവസ്ത്രം വിരിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു. കാനാമ്പുഴ പുനരുജ്ജീവനം പൂർത്തിയായതോടെ എളയാവൂർ, പെരിങ്ങളായി പാടശേഖരങ്ങളിലെ കൃഷി വ്യാപിപ്പിക്കാൻ സാധിച്ചു. പുഴയിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുക, കരിങ്കൽ കൊണ്ട് പാർശ്വഭിത്തി നിർമ്മിക്കുക, പാടശേഖരങ്ങളിലേക്ക് നീർച്ചാലുകൾ നിർമിക്കുക, വിനോദസഞ്ചാര ഉദ്ദേശത്തോടെ പുഴയുടെ ഇരുവശങ്ങളിലും നടപ്പാത നിർമാണം, ബണ്ടിൽ കയർ ഭൂവസ്ത്രം വിരിക്കുക, തെരുവുവിളക്കുകൾ സ്ഥാപിക്കുക എന്നീ പ്രവൃത്തികളാണ് നടപ്പാക്കിയത്. പ്രവൃത്തി നടപ്പാക്കിയതോടെ എളയാവൂർ, പെരിങ്ങളായി പാടശേഖരങ്ങളിലേക്കുള്ള ജലസേചനസൗകര്യം വർധിക്കുകയും കാർഷികാഭിവൃദ്ധി നേടുകയും ചെയ്തു.
കാനാമ്പുഴയുടെ സൗന്ദര്യം വീണ്ടെടു ക്കുകയും പൊതുജനങ്ങൾക്ക് കാൽനടയാത്രയ്ക്ക് ഉപകാരപ്പെടുന്ന രീതിയിൽ നടപ്പാത നിർമ്മിക്കുകയും സൗരോർജ വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു. പുനരുജ്ജീവനം പൂർത്തീകരിച്ച ഭാഗങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കുവാനും യോഗത്തിൽ തീരുമാനമായി. കാനാമ്പുഴയുടെ പുനരുജ്ജീവന പ്രവർത്തനത്തിന് ഇതിനകം ദേശീയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അസോസിയേഷൻ ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി, നഗരങ്ങളിലെ പ്രത്യേക ഇടപെടലിനുള്ള പദ്ധതിയായി കാനാമ്പുഴയെ പ്രത്യേക പരാമർശിച്ചിട്ടുണ്ട്.
അവലോകന യോഗത്തിൽ കണ്ണൂർ കോർപ്പറേഷൻ നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ, കൗൺസിലർമാരായ ധനേഷ് മോഹൻ, കെ പ്രദീപൻ, കെ നിർമ്മല, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ സോമശേഖരൻ, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു ജോർജ്, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ എം.വി ജയൻ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സജിനി ഒ, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ സണ്ണി പിജെ, കാനാമ്പുഴ പുനരുജീവന സമിതി അംഗങ്ങൾ, ഹരിത കേരളം മിഷൻ പ്രതിനിധികൾ, വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments