Skip to main content

തലശ്ശേരി ചിറക്കര ജി വി എച്ച് എസ് സ്കൂൾ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

 

അന്താരാഷ്ട്രനിലവാരത്തിലേക്കുയരുന്ന ചിറക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടം നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ നാടിന് സമർപ്പിച്ചു. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി 54 ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കിയതാണ് മൂന്ന് നില കെട്ടിടം. വിജയ ശതമാനം ഉയരുമ്പോൾ വിദ്യാഭ്യാസത്തിന്റെ നിലവാരവും ഉയർന്നിട്ടുണ്ടെന്നും അത് കൂടുതൽ ഉയർത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും സ്പീക്കർ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് കാതലായ പരിഷ്കാരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ചിറക്കര ക്രിക്കറ്റ് ക്ലബ് വിദ്യാലയ മുറ്റത്ത് ഒരുക്കിയ ക്രിക്കറ്റ് പിച്ചിൻ്റെ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു

ഭൗതിക സാഹചര്യ വികസനത്തിന്റെ ഭാഗമായി മൂന്ന് ഘട്ടങ്ങളിലായി 17  കോടി രൂപ മുടക്കിയാണ് സ്കൂളിന്റെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്. ഒന്നാം ഘട്ടമായി അഞ്ച് കോടി മുടക്കി നിർമ്മിച്ച നാലു നില കെട്ടിടം  നേരത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. മൂന്നാം ഘട്ടത്തിൽ പണിയുന്ന  കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി നടന്നു വരികയാണ്. 

 

തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ എം വി ജയരാജൻ അധ്യക്ഷനായി. വിവിധ മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശബനാ ഷാനവാസ്‌ നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി സോമൻ, വാർഡ് കൗൺസിലർമാരായ റാഷിദ ടീച്ചർ, വി ഷീജ, എം എ സുധീഷ്, മദർ പി ടി എ പ്രസിഡന്റ്‌ നിജ്മ, വി എച്ച് എസ് സി പയ്യന്നൂർ മേഖല എ ഡി ഇ ആർ ഉദയകുമാരി, തലശ്ശേരി ഡി ഇ.ഒ പി ശകുന്തള, വിഎച്ച്എസ് ഇ പ്രിൻസിപ്പൽ വി സി സിജു, പ്രധാനധ്യാപിക പി ഒ ശ്രീരഞ്‌ജ, സ്കൂൾ പ്രിൻസിപ്പൽ കെ വി അനിത, സ്റ്റാഫ് സെക്രട്ടറി സുനേഷ് കുമാർ വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളായ എസ് ടി ജെയ്സൺ, കാരായി സുരേന്ദ്രൻ, ജതീന്ദ്രൻ കുന്നോത്ത് , കെ ലിജേഷ്, അൻവർ ചെറുവക്കര, കെ വിനയരാജ് എന്നിവർ സംസാരിച്ചു. 

 

date