Skip to main content

കണ്ടൽകാടുകൾ ദുരന്ത നിവാരണി: മുരുകേശൻ

 

മികച്ച ജൈവ ആവാസ വ്യവസ്ഥ കൂടിയായ കണ്ടൽകാടുകൾ തീര ദുരന്തങ്ങളിൽ നിന്നു പ്രദേശങ്ങളെ സംരക്ഷിക്കാൻ മികച്ച പോംവഴിയാണെന്നു മാൻഗ്രൂവ് പ്രൊട്ടക്ഷൻ വാരിയറിലെ മുരുകേശൻ. ദുരന്തങ്ങളുണ്ടാകുമ്പോൾ സമരം ചെയ്യുന്നതിനു പകരം കാരണക്കാരായ നമ്മൾ തന്നെ അതിനു പ്രതിവിധി കണ്ടെത്തുകയാണ് വേണ്ടത്.

 

ഫോക് ലോർ ഫെസ്റ്റിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ് യാർഡിന്റെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ച് പ്ലാൻ @ എർത്ത് എന്ന എൻജിഒയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'തീര സംരക്ഷണത്തിനും ആവാസവ്യവസ്ഥക്കും കണ്ടൽക്കാടുകളുടെ പ്രാധാന്യം' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

2013 മുതൽ സ്വന്തമായി കണ്ടൽ നഴ്സറി നടത്തുന്ന മുരുകേശൻ ഇതിനകം ഒരു ലക്ഷത്തിലേറെ കണ്ടൽ ചെടികൾ നട്ടിട്ടുണ്ട്. ചെളി കെട്ടിക്കിടക്കുന്നത് ശേഖരിച്ച് കൂട്ടിയിട്ട് കണ്ടൽ കാടുകൾ ഉണ്ടാക്കാം. കണ്ടൽ കാടുകൾ ശല്യമാണെന്ന ധാരണ മാറ്റിയെടുക്കണമെന്നും മുരുകേശൻ അഭിപ്രായപ്പെട്ടു.

 

ഭൗമിക ഭീഷണികൾ ഏറ്റവുമധികം നേരിടുന്ന, ജനസാന്ദ്രത കൂടിയ വൈപ്പിൻ പ്രദേശത്ത് കണ്ടൽ കാടിന്റെ പ്രസക്തി ഏറെയാണെന്ന് കൊച്ചി സ൪വകലാശാല ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗത്തിലെ ഡോ. എം ഹരികൃഷ്ണൻ പറഞ്ഞു. കേരളത്തിൽ കേരം പോലെ ഏറെ പ്രധാനപ്പെട്ടതാണ് കണ്ടലും. ചുറ്റുപാടിലെ ചെളിക്കെട്ട് ആണ് കണ്ടൽ കാടിനോട് അവമതിപ്പുണ്ടാക്കുന്നത്.

 

കണ്ടൽ മേഖലയിൽ മത്സ്യബന്ധന വരുമാനം ഏറെ കൂടുതലാണ്. പക്ഷെ, 20 ശതമാനം മത്സ്യത്തൊഴിലാളികൾക്കേ ഇക്കാര്യമറിയൂ. മത്സ്യങ്ങളുടെ നഴ്സറിയാണ് കണ്ടൽ കാടുകളെന്നും ഡോ. ഹരികൃഷ്ണൻ പറഞ്ഞു.

 

സ്വാഭാവിക ശുദ്ധീകരണ ഏജൻ്റ് ആണ് കണ്ടലെന്ന് ജിഡ സെക്രട്ടറി രഘു രാമൻ പറഞ്ഞു. ഭാവിക്കായി കണ്ടൽ സംരക്ഷണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

(പിആ൪ഒ)

 

date